ചക്കമരം മേരി നേഴ്സ്.......

ഇത്തവണ ഞാന്‍ കരഞ്ഞു ബഹളം ഉണ്ടാക്കിയതിന്‍പ്രകാരം എന്നെ പനങ്ങാട് അമ്മേടെ വീട്ടില്‍ കൊണ്ടു വിടാമെന്ന് അമ്മ സമ്മതിച്ചിരിക്കുകയാ...“ അവന്‍ കൊച്ചല്ലേ...സ്ക്കൂളില്‍ പോയി തൂടങ്ങ്യാ അവനു ഇങ്ങനെ പോകാനൊക്കില്ലല്ലോ..” എന്ന അച്ചമ്മേടെ സപ്പോര്‍ട്ടും എനിക്കുണ്ടായിരുന്നു..ഇന്നും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന ഒരു പാട് ഓര്‍മ്മകള്‍ സമ്മാനിച്ച അമ്മ വീട്ടിലെ താമസക്കാലം തൂടങ്ങുന്നതിനു മുന്‍പായി ഇവിടെ തറവാട്ടിലെ ചില ഓര്‍മ്മയുടെ നുറുങ്ങുകള്‍ നിങ്ങളുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു...

ചക്ക മരം

ഒരു ദിവസം അമ്മയുടെ നാത്തൂനായ രാധമ്മായി വീട്ടില്‍ വന്നു.പൊതുവേ വീട്ടില്‍ വരുന്ന വിരുന്നുകാര്‍ക്ക് വീട്ടിലും പറമ്പിലുമുള്ള സാധനങ്ങള്‍ കാണിച്ചുകൊടുക്കുന്ന ഒരു പരിപാടി അന്നെനിക്കുണ്ടായിരുന്നു.രാധമ്മായി വന്ന ഉടനെ ഞാന്‍ അമ്മായിയിയെ നേരേ മുകളിലെ ഞങ്ങളുടെ റൂമില്‍ കൊണ്ടു പോയി; ബോംബെ ഡൈയിങ്ങ് കമ്പനീടെ കലണ്ടറിലെ സിനിമാ നടി മാധവിയുടെ ഫോട്ടൊ കാണിച്ചുകൊടുത്തു..“ കണ്ടൊ ഞങ്ങളുടെ വീട്ടില്‍ മാധവി ഉണ്ട്..നിങ്ങളോടെ ഉണ്ടൊ..?”“ ആ ഇതാ സുരാജി പറഞ്ഞ നിന്റെ പെണ്ണിന്റെ ഫോട്ടൊ..?, നന്നായിട്ടുണ്ട് വലുതാകുമ്പൊ നിനക്കു അവളെ കെട്ടിച്ചുതരാം..പോരെ.?”അതോടെ ആ പരി പാടി ഞാന്‍ നിര്‍ത്തി..എന്റെ ഓര്‍മ്മയിലെ ആദ്യത്തെ ചമ്മല്‍ അതാ....ചമ്മിയത് മറയ്ക്കാന്‍ എന്റെ അടുത്ത ചോദ്യം .. “ അപ്പൊ അമ്മായിടെ വീട്ടില്‍ചക്ക മരം ഉണ്ടോ..”“ ഇല്ല..കണ്ണാ..ഞങ്ങളുടെ വീട്ടില്‍ ചക്ക ഉണ്ടാകുന്ന പ്ലാവ് ഉണ്ട്...”എന്റെ രണ്ടാമത്തെ ചമ്മല്‍...ഒപ്പം ചക്ക ഉണ്ടാകുന്ന മരത്തിന്റെ പേര് പ്ലാവ് എന്നുള്ള തിരിച്ചറിവും....പിന്നീടെപ്പോഴും എന്നെ കാണുമ്പൊ രാധമ്മായി ചോദിക്കും ..“ കണ്ണാ..മാധവിയും ചക്ക മരവും ഇപ്പോഴുമില്ലേ വീട്ടില്‍...?”

മേരി നഴ്സ്.

അന്ന് അച്ചാച്ചന് സുഖമില്ലാതെ ദിവസവും കുത്തിവയ്ക്കാനായി മേരി നഴ്സ് വീട്ടില്‍ വരുമായിരുന്നു..മേരി നഴ്സ് വീട്ടില്‍ വന്നാല്‍ ഞാനും കൂടെ കൂടും ..വെളുത്ത് തടിച്ച് പൊക്കം കുറഞ്ഞ നേഴ്സിന്റെ ബാഗിനുള്ളിലെ സാധനങ്ങള്‍ കാണുക എന്നതാണ് ലക്ഷ്യം..വൈകീട്ട് നഴ്സ് വന്ന ഉടനെ എന്റെ മറ്റൊരു ഇളയമ്മയായ കമലമേമ ഒരു പാത്രത്തില്‍ ചൂടുവെള്ളം കൊണ്ടുവരും, ബാഗിലെ ഒരു ചെറിയ ചെപ്പില്‍ നിന്നും സൂചിയും സിറിഞ്ചും ചൂടുവെള്ളത്തില്‍ കഴുകി ഒരു ചെറിയ കുപ്പിയില്‍ നിന്നും മരുന്ന് നിറച്ച് അച്ചാച്ചന്റെ എളിയില്‍ കുത്തിവച്ച് ഒരു പഞ്ഞിയില്‍ എന്തോമുക്കി എനിക്കു തരും രണ്ട് മിനിട്ട് നന്നായി തിരുമ്മിക്കോ എന്നും പറയും...ഞാന്‍ തിരുമ്മല്‍ കഴിഞ്ഞാല്‍ ആരും കാണാതെ അച്ചാച്ചന്റെ മേശപ്പുറത്തിരിക്കുന്ന ഒരു വെളുത്ത് ജെലൂസിലിന്റെ രുചിയുള്ള മരുന്ന് ഒരു സ്പൂണ്‍ അകത്താക്കി വായും തുടച്ച് ഒന്നുമറിയാത്ത ഭാവത്തില്‍ ഉമ്മറത്തേയ്ക്ക് പോകും..എന്റെ കാലക്കേടിന് മേരി നഴ്സ് ഇതു കൈയ്യോടെ പിടികൂടി..ഓഹ് അന്ന് ഒടിഞ്ഞു തീര്‍ന്ന ചൂലിന്റെ ഈര്‍ക്കിലുകള്‍...കേട്ട ചീത്തകള്‍....

വിഷം തീറ്റ

ഒരിക്കല്‍ ഉച്ചയൂണു കഴിഞ്ഞ് വടയ്ക്കേപ്പുറത്തെ തിണ്ണയിലിരിക്കുമ്പോഴാ വടയ്ക്കേലെ അമ്മുട്ടിഅമ്മാമ്മ തന്റെ രണ്ട് പേരകുട്ടികളേയും ഒക്കത്തിരുത്തി കരഞ്ഞുകൊണ്ട് ഓടി വരുന്നത്..!!!“ മോളീ, കമലേ...മോളീ...കമലേ..എന്റെ പൊന്നുമക്കള്‍ വിഷം കഴിച്ചേ...”“ എന്റെ മക്കളെ രക്ഷിക്ക്യേ...”ഇതു കേട്ട് ഓടിവന്ന മോളിമേമയുടെ കയ്യില്‍ ഒരു പൊതിയും കൊടുത്തു..“ ഒന്നു നോക്ക് മോളേ ഈ പിള്ളേര്‍ എന്താ കഴിച്ചത്...”“ഇവറ്റേടെ തന്തേം തള്ളേം വരുന്ന വരെ മനുഷ്യന് ആധിയാ..“(അമ്മുട്ട്യമ്മാമ്മേടെ മൂത്തമകനായ ഗോപിചേട്ടന്റെ മക്കളാ ഇവര്‍, ഗോപിചേട്ടനും ഭാര്യ സുമതിചേച്ചിയും ജോലിക്കാരായിരുന്നു.)ഈ ബഹളം നടക്കുമ്പൊ അനു കണ്ണുമടച്ച് കിടക്കായിരുന്നു, നിമ്മി അവളുടെ ചുരുണ്ട മുടിയും പാറിച്ച് അമ്മുട്ട്യ്മ്മാമ്മേടേ കൂടെ കരയുന്നുമുണ്ട്...മോളിയമ്മ ആ പൊതി തിരിച്ചും മറിച്ചും നോക്കി ,അതില്‍ നിന്നും കുറച്ച് വെളുത്ത പൊടിയെടുത്ത് എന്റെ ചുണ്ടില്‍ തേച്ചു..!!!!ആഹാ.. നല്ല മധുരം എനിക്കിഞ്ഞീം വേണം എന്നു പറയാന്‍ നാക്കെടുത്തതും ബോധം കെട്ടു കിടക്കുന്ന അനുവിനെ കണ്ടപ്പൊ ആ നാക്ക് പിന്നാക്കം വലിച്ചു ചുണ്ടിലും കവിളിലും പറ്റിയ പൊടി ശകലങ്ങള്‍ നുണഞ്ഞു നിന്നു...

“ ഇത് പിള്ളേര്‍ എന്തോരം വേണങ്കിലും തിന്നോട്ടെ ...ഇത് ഗ്ലൂക്കോസാ ഗ്ലൂക്കോസ്....”എന്ന് മോളിയമ്മ പറഞ്ഞതും ഞാന്‍ ആ പൊതിയും തട്ടി പറിച്ചോടിയതും ഒരുമിച്ചായിരുന്നു..ഓടുന്നതിനിടയില്‍ ഒന്നു തിരിഞ്ഞു നോക്കുമ്പൊ അതു വരെ ബോധം കെട്ടു കിടന്ന അനു അഴിഞ്ഞു തുടങ്ങിയ ട്രൌസറും കൂട്ടി പിടിച്ച് എന്റെ പിന്നാലെ....

ഡുണ്ഡു പാപ്പന്‍

ഡുണ്ഡു പാപ്പന്‍!!!! ഇങ്ങനെയൊരു വിളിപ്പേരു നിങ്ങളാരെങ്കിലും ജീവിതത്തില്‍ കേട്ടിട്ടുണ്ടോ?

സാധാരണ ഞങ്ങളുടെ നാട്ടില്‍ അഛന്റെ സഹോദരനെ പാപ്പന്‍ എന്നാ വിളിയ്ക്കാറ്..എന്റെ അഛന്റെ സഹോദരനായ ശക്തിധരനെ ഞങ്ങള്‍ ഡുണ്ഡു പാപ്പന്‍ എന്നാ വിളിയ്ക്കാറ് ( ഇപ്പോഴും).കാരണം...

അന്ന് പുള്ളിയ്ക്ക് ഒരു യസ്ഡി ബൈക്ക് ഉണ്ട്.ഈ ബൈക്ക് സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഉണ്ടാകുന്ന ഡും ഡും ഡൂം എന്ന ഒച്ചയില്‍ നിന്നാ പുള്ളിയ്ക്ക് അപ്പേരു വീണത്...

ഗിയര്‍ ലിവറും കിക്കറും ഒന്നു തന്നെയായ യസ് ഡി ബൈക്കില്‍ ‍കയറിയിരുന്ന് കിക്കര്‍ ഉള്ളിലേയ്ക്ക് അമര്‍ത്തി പുറകോട്ടാക്കി പമ്പ് ചെയ്ത് ആര്‍ഭാടപൂര്‍വ്വം സ്റ്റാര്‍ട്ടാക്കുന്ന ആ വിദ്യ കാണാന്‍ ഞങ്ങള്‍ പിള്ളേഴ്സെല്ലാം പാപ്പന്റെ ചുറ്റും കൂടും. സ്റ്റാര്‍ട്ടായി കഴിഞ്ഞാല്‍ എല്ലാ വരും വരി വരിയായി നിന്ന് അതിന്റെ ഹോണ്‍ അടിക്കും .എല്ലാ ദിവസവും ഈ പരിപാടി മുറ്റത്തരങ്ങേറും.ഹോണടി കഴിഞ്ഞാല്‍ ബാക്കിയെല്ലാവരും അവരവരുടെ വഴിക്ക് പോകും എന്നാല്‍ ഈ ഞാന്‍ മാത്രം അവിടെ ചുറ്റി പറ്റി നില്‍ക്കും .അപ്പൊ ഡുണ്ഡു പാപ്പന്‍ എന്നെ ബൈക്കിന്റെ ടാങ്കിന്റെ മുകളില്‍ ഇരുത്തി റോഡുവരെ ഓടിക്കും...തിരിച്ച് റോഡില്‍ നിന്ന് നടന്ന് വരുന്ന എന്നെ കണ്ടാല്‍ പത്തു പന്ത്രണ്ട് പേരെ ഇടിച്ചിട്ട് സ്ലോ മോഷനില്‍ നടന്നു വരുന്ന മോഹന്‍ലാലിനെ പോലെ തോന്നും...( സത്യം..)

എന്നാല്‍ ഏതാണ്ട് പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ ബൈക്ക് ആരും കാണാതെ സ്റ്റാര്‍ട്ടാക്കി ഓടിച്ച് വേലിയില്‍ തട്ടി ഇടിഞ്ഞുപൊളിഞ്ഞു വീണ ഞാന്‍ മൂടൂം തട്ടി എണീറ്റ് ഓടിയ ഓട്ടം ആരെ പോലെയായിരുന്നു എന്നെനിക്കോര്‍മ്മയില്ലട്ടൊ....!!!!

എഞ്ചിനീയര്‍

ഒരിയ്ക്കല്‍ വിറകുവെട്ടാനായി വന്ന ഒരു തമിഴന്‍ കുടിക്കാനായി വെള്ളം ചോദിച്ചപ്പോ ഒരു വലിയ പാത്രം നിറയെ ഉപ്പിട്ട കഞ്ഞി വെള്ളം ഞാന്‍ കൊടുത്തു. ചുണ്ട് പാത്രത്തില്‍ മുട്ടിയ്ക്കാതെ ഒറ്റയടിയ്ക്ക് കുടിയ്ക്കുന്ന ആ വിദ്യയും നോക്കി നിന്ന എന്റെ കൈയ്യില്‍ പാത്രം തിരികെ തന്ന്

“ തമ്പീ നീങ്കെ പടിച്ച് പെരിയ എഞ്ചിനീയറായിടും ...” എന്ന് എന്റെ തലയില്‍ കൈവച്ചനുഗ്രഹിച്ചു..

ജീവിതത്തില്‍ ആദ്യമായി കിട്ടിയ അനുഗ്രഹം.... ഒരു മരം വെട്ടുകാരന്‍ തമിഴന്റെ വക...

അന്നു രാത്രി അമ്മയോട് : “ അമ്മേ ഈ എഞ്ചിനീയറെന്നു പറഞ്ഞാ എന്താ...?”

“ അത് ഈ വീടും റോഡൊക്കെ പണിയിപ്പിക്കുന്ന ആളില്ലേ..അവരേയാ എഞ്ചീനീയറെന്നു പറയാ...എന്തേ..?”

അന്നു പകലുണ്ടായ സംഭവം ഞാന്‍ അമ്മയോട് പറഞ്ഞു...

“ ശ്ശോ എന്റെ ക് ടാവിന് കരിങ്കണ്ണു വീണല്ലോ ഭഗവാനേ...” എന്നു പറഞ്ഞ് എന്നെ നേരേ അടുപ്പിനരികില്‍ കൊണ്ടു പോയി കുറേ ഉപ്പും മുളകും ഉഴിഞ്ഞിട്ടു..

പ്രിയപ്പെട്ട തമിഴാ...

“ എന്തോ എനിയ്ക്ക് എഞ്ചിനീയറാകാന്‍ കഴിഞ്ഞില്ല, എന്നാലും ഞാനൊരു എംകോം കാരനായി, പോരാത്ത തിന് കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ മത്സരത്തില്‍ തമിഴ് ഉപന്യാസ രചനയില്‍ എനിക്ക് സമ്മാനം കിട്ടി.അതു ഞാനിതാ അങ്ങേയ്ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു....”

നായാടി

വലിയൊരു ഭാണ്ഡവും തൂക്കി വല്ലപ്പോഴും വീട്ടില്‍ വരുന്ന നായാടി തള്ളയെ ഞങ്ങള്‍ പിള്ളേര്‍ അതിശയത്തോടെയാ നോക്കിയിരുന്നത്...പറമ്പിന്റെ ഏതെങ്കിലും മൂലയില്‍ നിന്ന് വീണുകിടക്കുന്ന ഒരു തേങ്ങയും പിടിച്ചായിരിക്കും നായാടി വരിക..പ്രായചെന്നതും കറുത്തിരുണ്ട് വലിയൊരു ഭാണ്ഡവും പേറി നടന്നു വരുന്ന നായാടി തള്ളയെ കണ്ടാല്‍ ഞാന്‍ ഓടി അഛമ്മേടെ കട്ടിലിനടിയിലൊളിക്കും.രണ്ട് മിനുട്ട് കഴിഞ്ഞാല്‍ ഞാനടക്കമുള്ള സകല പിള്ളേരേം നായാടിയുടെ മുന്‍പില്‍ നിര്‍ത്തും.അഛമ്മ കൊടുത്ത അരിയും തേങ്ങയും ചില്ലറയുമെല്ലാം ഭാണ്ഡത്തിലിട്ട് “ ഉണ്ണ്യോള്‍ ക്ക് ദീനോം കേടുമെല്ലാം ഇല്ലാതെ കാക്കണം......” എന്നു തുടങ്ങുന്ന മന്ത്രമവസാനിക്കുന്നത് “ യ് പണ്ടാറായിപ്പോ യ് പണ്ടാറായിപ്പോ യ് പണ്ടാറായിപ്പോ...” എന്ന ഉച്ചത്തിലുള്ള പ്രാകലോടെയാ...അതും കഴിഞ്ഞ് പതിയെ “ നന്നായി വാ..” എന്നും..!!!

പാരമ്പര്യമായി ഉറിയുണ്ടാക്കി വില്‍ക്കുന്ന നായാടികള്‍ക്ക് ഭഗവാന്‍ ശിവന്റെ നിര്‍ദ്ദേശമാണ് ആരെങ്കിലും മനസറിഞ്ഞു എന്തെങ്കിലും കൊടുത്താല്‍ അവരെ പണ്ടാറായിപ്പോ എന്നു പറഞ്ഞ് അനുഗ്രഹിക്കുന്ന ഈ രീതി...( ശ്ശോ.....!!!!! ശിവ ശിവാ....)

( തുടരും)