മീരയുടെ നീലകണ്ണുകള്‍...

പ്രണയം...എത്ര ഉദാത്തമായ വാക്ക് ... ശരീരത്തിന്റെ വളര്‍ച്ചയിലും മനസിനെ ചെറുപ്പമാക്കുന്ന വികാരം.എനിക്കും ഉണ്ടായിരുന്നു പ്രണയങള്‍;അതിന്റെ പൂര്‍ണ്ണമായ അര്‍ഥത്തിലും അല്ലാതേയും ..

കണ്ണന്‍ എന്ന എന്റെ പേര് മാത്രമായിരുന്നു എന്റെ കൈമുതല്‍..

നമുക്ക് കുറച്ച് വര്‍ഷങള്‍ പിറകോട്ട് പോയി എന്റെ പ്രണയിനികളെ പരിചയപ്പെട്ട് ഉടന്‍ തിരിച്ചു വരാം..

പത്തില്‍ പഠിക്കുന്ന സമയത്ത് - ഷാഹിന

മീശമുളക്കുന്ന പ്രീഡിഗ്രി പര്‍വ്വത്തില്‍ - ദിവ്യ

വായ് നൊട്ടം ഐശ്ചികമായെടുത്ത ഡീഗ്രി വര്‍ഷങളില്‍ -കവിത,ബബിത,കിങിണി,സിജി,റെഷി,പ്രിയ..

ഗുരുതാനന്തര ഗുരുത യുഗത്തില്‍ - അനു,രേശ്മ,ഷിനി,നിയ,ആന്‍...

അവസാനം ജീവിതത്തിന്റെ കടലാസുതോണിയില്‍ സഞ്ചരിക്കുന്ന ഈ സമയത്ത്-ശ്രീപ്രിയ...

( പേരുകള്‍ കല്ലുവച്ച നുണകള്‍)


ഇവരെല്ലവരും എന്റെ ജീവിതത്തില്‍ പലപ്പോഴായി വന്നു പോയവരാണ്.ചിലരുടെ കത്തുകള്‍, ഫോട്ടൊ,കാര്‍ഡ്,മറ്റ് സമ്മാനങള്‍ ഇപ്പോഴും എന്റെയടുത്തുണ്ട്.മറ്റ് ചിലരുടെ പേരുകള്‍ കമ്പ്യൂട്ടര്‍ പാസ് വേഡായും എന്റെ കൂടെയുണ്ട്. ഏതാനും ചിലരുടെ ജീവിതത്തില്‍ അവരുടെ മക്കളുടെ പേരായി ഞാനും ഉണ്ട്..


എന്നാല്‍ ഈ ബൂലോകത്തില്‍ ഞാന്‍ പറയാനാഗ്രഹിക്കുന്ന ഒരു പ്രണയാനുഭവം;ഇതിലൊന്നും പേരെടുത്തു പറയാത്ത ഒരുവളുമായാണ്.അവളെ ‘നമുക്ക് ’( അതു വേണ്ട ‘ഞാന്‍’ ) മീര എന്നു വിളിക്കാം.


പ്രണയ വിവര പട്ടികയുടെ കാനേഷുമാരിയെടുക്കാന്‍ കൈവിരലുകള്‍ തികയാതെ വന്ന ഗുരുതാന്തര ഗുരുത പഠനകാലത്തിന്റെ അവസാന നാലു ദിവസങളില്‍ ഓട്ടോഗ്രാഫ്,യാത്ര പറയല്‍,സമ്മാനങള്‍, സെമിനാര്‍, പ്രൊജക്ട്,വൈ വ എന്നീ തിരക്കുകളുമായി നടക്കുന്നതിനിടയില്‍ കൂട്ടുകാരികള്‍ക്കിടയില്‍ നിന്നുകൊണ്ട് ഒരു പ്ലെയിന്‍ ഗ്ലാസിനു പിറകില്‍ ഒളിപ്പിച്ച അവളുടെ നീല കണ്ണുകള്‍ എന്നെ തന്നെ നോക്കുന്നത് ഞാനറിഞു...


കസ്റ്റമേഴ്സിനേയും കാമുകിയേയും പെട്ടന്ന് കൈകാര്യം ചെയ്യണം എന്ന മാര്‍ക്കറ്റിങ് തന്ത്രം മനസിലുള്ളതുകൊണ്ട് പിന്നെ ഒന്നും ചിന്തിച്ചില്ല; നേരെ അവളുടെയ്ടുത്തെത്തി ഇങനെ പറഞു..


“ എനിക്കു തന്നെ ഇഷ്ടമായി, ഒരുപാട്; ജീവിതത്തില്‍ ആദ്യമായി ഒരു പെണ്‍കുട്ടിയോട് തോന്നിയ വികാരമല്ല,വഴിയില്‍ നിന്നു സംസാരിക്കാനോ, ഫോണ്‍ ചെയ്യാനോ,ഐസ്ക്രീംകഴിക്കാനൊ ഒന്നും താല്പര്യം ഇല്ല..എന്നാലും ഇഷ്ടമാണ്, രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ വീട്ടില്‍ വരും കല്ല്യാണാലോചനയുമായി അത്രമാത്രം....”

“ താന്‍ എന്തു പറയുന്നു..”

“ഞാന്‍ നാളെ പറഞാല്‍ മതിയൊ?” എന്ന മറുപടിയിലൂടെ അവളുടെ ശബ്ധ്മം ആദ്യമായ് ഞാനറിഞു..

അതു മതി, നാളെ വരുമ്പോള്‍ ഇതു കുടി കൊണ്ടുവരണമെന്നു പറഞ് ബി.എസിയിലെ വീണ തന്ന ഒരു മയില്‍ പീലി അവള്‍ക്കു കൊടുത്തു..

പിറ്റേ ദിവസം രാവിലെ തന്നെ മുണ്ടും ഷര്‍ട്ടും ട്രേഡ് മാര്‍ക്കായ ഗോപിക്കുറിയുമായി കോളേജില്‍ എത്തി;കെമിസ്ട്രി ലാബിന്റെ അടുത്തുള്ള ഇടനാഴിയില്‍ അവളുണ്ടായിരുന്നു..

“ഇന്നു തരാമെന്നു പറഞ രണ്ടു കാര്യങള്‍ ഉണ്ടായിരുന്നു...?”

“രണ്ടും ഒരുമിച്ചു മതിയൊ..?” എന്ന് മറുപടി..

“മതി”

അവള്‍ വലതു കൈ എന്റെ നേരെ പതിയെ നീട്ടി, അതില്‍ ...

ഒരു മയില്‍ പീലിയും ഓടക്കുഴലും മയിലാഞ്ചിയില്‍ വരച്ചിരിക്കുന്നു....

പ്രിയമുള്ളവരേ...

ആ മയില്‍ പീലിയില്‍ ഒരു ചുംബനം കൊടുത്തു തിരിച്ചു നടന്ന ഞാന്‍ ഇപ്പൊ ഗള്‍ഫിലാണ് ,വര്‍ഷങള്‍ രണ്ടില്‍ നിന്ന് അഞ്ചായി,പ്രാരാബ്ധപ്പെട്ടി ഇപ്പോഴും നിറഞുതന്നെ ഇരിക്കുന്നു.അതിനാല്‍ ഇതു വരെ എന്റെ വാക്ക് പാലിക്കാന്‍ എനിക്കായിട്ടില്ല.

വെറും രണ്ട് വരി മാത്രം സംസാരിച്ച് ,ഒരു ദിവസം മാത്രം ഉണ്ടായിരുന്നു എങ്കിലും ഒരു ജീവിതം മുഴുവന്‍ ഓര്‍ക്കാനുള്ള നിമിഷങള്‍ സമ്മാനിച്ച മീരാ.. നിന്റെ കണ്ണടക്കുള്ളില്‍ ഒളിപ്പിച്ചു വച്ച നീല കണ്ണുകള്‍ ഇപ്പോഴും എന്നെ കാത്തിരിക്കുന്നുണ്ടൊ...?

ഇവിടെ ഈ നരച്ച ആകശത്തിനും വരണ്ട മണ്ണിനുമിടയില്‍ നിന്റെ ഓര്‍മ്മകളാണ് എനിക്ക് കുളിരേകുന്നത്.....നല്ല പണിക്കാരെ ആവശ്യം ഉണ്ട്..

കുവൈറ്റില്‍ ജോലി ചെയ്യുന്ന യുവാവിന്റെ ബ്ലോഗ് പുര പുതുക്കി പണിതു കുട്ടപ്പനക്കാന്‍ നല്ല ബ്ലോഗ്സ്തിരിമാരെ ആവശ്യം ഉണ്ട്...
പാടത്തു പണി വരമ്പത്ത് കൂലി...
കാപ്പിയും പുകയിലയും ഇഷ്ടംപോലെ. ..
താത്പര്യം ഉള്ളവര്‍ ബന്ധപെടുക ...