അമ്മ പോണ്ടാ....

പ്രിയമുള്ളവരേ....

പണ്ട് പണ്ട് അങ് മൈസൂരില്‍ ടിപ്പു സുല്‍ത്താന്‍ എന്നു പേരായ ഒരു കാര്‍ന്നോര്‍ ഉണ്ടായിരുന്ന വിവരം നിങള്‍ക്കറിയാമല്ലൊ..? പുള്ളി ഒരിക്കല്‍ പരിവാര സമേതം കേരളത്തില്‍ വന്നെന്നും ഗുരുവായൂര്‍ അമ്പലം പണിയാന്‍ സ്ഥലം കൊടുത്തെന്നും ഒക്കെയുള്ള വാര്‍ത്തകളും നിങളുടെ അറിവില്‍ ഉണ്ടല്ലൊ...സ്ഥലത്തിന്റെ തീറ് കഴിഞയുടനെ ടിയാ‍ന്‍ നേരെ തെക്കൊട്ട് വച്ച്പിടിച്ചു .ഇപ്പോഴത്തെ ദേശീയപാത പതിനേഴു വഴിയാ‍ണു യാത്ര.പീരങ്കിയും ടീമും അതുവഴിയും കുതിരപട കുറച്ചു പടിഞാറോട്ടുമാറിയുള്ള സമാന്തരമായ മറ്റെരു വഴിയില്‍ലൂടെയും കാലാള്‍പട കുറച്ചു കിഴക്കുമാറിയുള്ള വഴി തെരഞെടുത്തു...കാലക്രമത്തില്‍ ആ രണ്ടു വഴികളെയും വെസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡെന്നും ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡേന്നും വിളിച്ചുപോന്നു. .. ഇത്രയും ചരിത്രപരമായി വളരെ വേണ്ടപ്പെട്ടുകിടക്കുന്ന കിഴക്കേ ടിപ്പു സുല്‍ത്താന്‍ റോഡിനരികില്‍ ഇപ്പൊ കണ്ണമ്പുള്ളിപുറം എന്നു പറയുന്ന ദേശത്താണ് ഈയുള്ളവന്റെ ജനനം. നിറയെ കശുമാവിതോട്ടങളും, രാമച്ചകൃഷിയും,തെങും,കവുങും,നെല്ലും,ജാതിക്കയും വിളയുന്ന ഒരു സുന്ദര ഭൂമി...

പടിഞാറ് അറബിക്കടല്‍, കിഴക്ക് കനോലികനാലും ഞങളുടെ ഈ കൊച്ചുരാജ്യത്തെ ശത്രുക്കളില്‍ നിന്നു രക്ഷിച്ചുപോന്നു...

ഒരേക്ര നാല്പത്തെട്ട് സെന്റ് ഒത്ത ചതുര പ്ലോട്ട്.,അതില്‍ വലിയെരു കുളം,ഒരു തൊഴുത്ത്,ഒരു പശു,വിറകുപുര,കവുങ്,പിന്നെപ്ലാവ്, സപ്പോട്ട,ചെമ്പകം,മുട്ടപഴം,ബബ്ലുസ് നാരകം,മഹാഗണി,പ്ലിയൂര്‍മാവ്,കൊളമ്പ് മാവ്, വലിയെരു കണിക്കൊന്ന;ഇതിനിടയില്‍ ഒരു ഇരു നില മാളിക. റോ‍ഡില്‍ നിന്നും മുറ്റം വരെ രണ്ടരികിലും വൃത്തിയായി വെട്ടിയൊതുക്കിയ ബുഷ്...ഈ ലോകത്താണ് ഞാന്‍ ജനിച്ചതും,മുള്ളിയതും,അപ്പിയിട്ടതും,മണ്ണ് തിന്നതും,കശുമാവില്‍ നിന്നും കുളത്തിലേക്കെടുത്തു ചാടിയതും,അമ്മ എന്നെ തല്ലാന്‍ ഓടിച്ചതും,അതിനിടയില്‍ എപ്പൊഴൊ വളര്‍ന്നതും ..

അച്ചാച്ചനും,അച്ചമ്മയും അവരുടെ അഞ്ച് മക്കളും അവരുടെ ഭാര്യമാരും പിന്നെ എന്നെപോലെ അഞ്ചുപത്തെണ്ണവും ആയിരുന്നു ഞങളുടെ റേഷന്‍ കാര്‍ഡിലെ അംഗങള്‍...ഒരാണും രണ്ടുപെണ്ണും ആയിരുന്നു എന്റെ അഛന്റെ വക..അമ്മേം അഛനും ടീചര്‍മാരായിരുന്നതിനാലും, ഈയുള്ളവന്റെ കയ്യിലിരുപ്പിനാലും എന്നെ നോക്കാനായി “സുലോചന എന്ന സുലു” റേഷന്‍ കാര്‍ഡില്‍ പേരില്ലാതെ ഞങളുടെ കൂടെ താമസിച്ചുപോന്നു.

എന്നും രാവിലെ “ അമ്മ പോണ്ടാ‍...“ എന്നു കരഞുകൊണ്ടാണു എന്റെ ഒരു ദിവസം ആരംഭിച്ചിരുന്നത്. പക്ഷെ എന്നെ മൈന്‍ഡ് ചെയ്യാതെ അമ്മ എന്നും സ്കൂളില്‍ പോയികൊണ്ടിരിന്നിരുന്നു..

രാവിലത്തെ പതിവു കരച്ചില്‍ കഴിഞാല്‍ ഒരു ഗ്ലാസ് പാലുമായി സുലു വരും ,ചുണ്ടിനും ഗ്ലാസിനുമിടയിലെ ആ മത്സരത്തിനു ശേഷം ഗ്ലാസിനടിയിലെ കലങാത്ത പഞ്ചസാര എന്റെ വായില്‍ കുത്തിക്കേറ്റി വിജയശ്രീ ലാളിതയായി സുലു പോകുമ്പോള്‍ എന്റെ ഒരു ദിവസത്തിന്റെ രണ്ടാം ഭാഗം അവസാനിച്ചിരിക്കും...

പാലുകുടി കഴിഞാല്‍ നേരെ പുറത്തിറങുകയാ‍യി...

പറമ്പില്‍ പണിയെടുക്കുന്ന അപ്പുചേട്ടന്‍, നാരായണചേട്ടനുമായാണു പിന്നെ കൂട്ട്.അവരുടെ നോട്ടക്കാരനായി നാലു വയസുകാരന്‍ ഞാനും..പറമ്പ് പണി,വിറകുപുരകെട്ട്,വേലികെട്ട്, കുളം പിടുത്തം,തെങിനു നനക്കല്‍ തുടങി എല്ലാ നാട്ടുപണികളിലും കുഞിപുലിയായി ഞാനും ഉണ്ടായിരുന്നു.

ഇതിനിടയില്‍ മീന്‍ കാരന്‍ മമ്മൂഞിയ്യുടെ പൂയ്യ്... എന്ന വിളി കേട്ടാ‍ല്‍ പറമ്പിന്റെ ഏതു മൂലയില്‍ നിന്നും ക്ലച്ച് ചവിട്ടാതെ ഗിയറിട്ട് ഞാന്‍ ഓടിയെത്തും..ഒരു പൂച്ചയെപോലെ ഞാനും ആ സൈക്കിളിനുചുറ്റും നടക്കും.ആ മീന്‍ കുട്ടയുടെ ഉള്‍ഭാഗം കാണുക എന്നത് അക്കലത്തെ എന്റെ ജീവിതാഭിലാഷമായിരുന്നു.കുട്ടയിലേക്കുള്ള എന്റെ ഏന്തിവലിഞ നോട്ടം കണ്ട് പാവം തോന്നി ഒരു ഐസുകട്ട എനിക്കും ഒരു കുഞിമീന്‍ എന്റെ കൂടെയുള്ള പൂച്ചക്കും ഇട്ടുതരും...

ഐസുകട്ട അലിയുന്നതുവരെ വീട്ടില്‍ തന്നെയുണ്ടാകും. പിന്നെ റോഡിലൂടെ നടന്നു പോകുന്ന രവിചേട്ടനെ കാത്തിരുപ്പാണ്. പുള്ളി അറിയപ്പെടുന്ന രാഷ്ടീയപ്രവര്‍ത്തകനും എന്റെ അയല്‍വാസിയുമാണ്. വേലിക്കപ്പുറത്തുനിന്ന് രവിചേട്ടന്റെ തല കണ്ടാല്‍ രവി ചേട്ടാ.....എന്ന എന്റെ നീട്ടിയുള്ള വിളി കേട്ട് ആള്‍ നേരെ വീട്ടില്‍ വന്ന് എന്നെ കുനാങ്കുട്ടിയാക്കി ( പുറത്തിരുത്തി) നേരെ സി.വി.സെന്റര്‍ എന്നു വിളിക്കുന്ന ഞങളുടെ ടൌണില്‍ പോകും( രണ്ട് മൂന്ന് പലചര്‍ക്കുകട,പൊടിമില്‍, സൈക്കിള്‍ കട,ചായപീടിക,തുന്നല്‍ക്കട,പച്ചക്കറിക്കട,ബാര്‍ബര്‍ഷോപ്പ് അവിടെയുണ്ട്....) .

മാമുദുക്കയുടെ ചായപീടികയില്‍ നിന്ന് ഒരു നെയ്യപ്പം, ദിവാകരേട്ടന്റെ പലചരക്കുകടയില്‍ നിന്ന് കല്‍ക്കണ്ടവും കഴിച്ച്, ഉപ്പ് പെട്ടിയുടെ മുകളില്‍ കാരംസ് കളിക്കുന്ന ചേട്ടന്മാരുടെ മടിയിലിരുന്ന് ഉച്ചവരെയുള്ള സമയം തീര്‍ക്കും...

പിന്നെ അയലക്കറിയും അഞ്ച് പപ്പടവും കൂട്ടി ഊണുകഴിക്കും.ഈ സമയത്ത് അച്ചാച്ചന്‍ ഊണ് കഴിഞ് കാക്കകള്‍ക്കുള്ള ഒരു ഉരുള ചോറുമായി കിഴക്കേപ്പുറത്ത് നിന്ന് കാ കാ കാ ...എന്ന് വിളിക്കുന്നുണ്ടാകും...

( തുടരും..... തുടരണോ...?)

18 comments:

Anonymous said...

തുടരുക..

അനൂപ് തിരുവല്ല said...

ബാക്കി വേഗം പോരട്ടേ

ഫസല്‍ said...

തുടരുക, പിന്നെ അപ്പിയിട്ട മണ്നെന്തിന തിന്നുന്നേ?

മച്ചുനന്‍ said...

ആ മണ്ണിന്റെ മണവും രുചിയുമാണു എന്നെ ഈ മരുഭൂമിയില്‍ പിടിച്ചുനിര്‍ത്തുന്ന പ്രേരകശക്തി‍...
നാട്ടിലുണ്ടെങ്കില്‍ കുറച്ചു കഴിച്ചുനോക്കു സഹോദരാ..

കുറ്റ്യാടിക്കാരന്‍ said...

:)

സഹൃദയന് said...

കൊള്ളാം.. നല്ല അവതരണം...

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

എഴുത്തു കൊള്ളാം ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

ഗുപ്തന്‍ said...

എഴുത്ത് കൊള്ളാം :)

പക്ഷെ ഈ പോപ്പപ്പ് കമന്റ് ബോക്സും അതിന്റെ കൂടെ ഈ തെറിവിളിക്കുന്ന വേഡ് വേരിയും പരമബോറ്. രണ്ടും മാറ്റൂ.. സെറ്റിംഗ്സിലെ കമന്റ്സ് എന്ന ഓപ്ഷനിലെ സൂചനകള്‍ ഒന്നു ശ്രദ്ധിച്ചുവായിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാവും.

ശിവ said...

വളരെ നന്നായി എഴിതിയിരിക്കുന്നു....ഇനിയും പോരട്ടെ...

നിരക്ഷരന്‍ said...

ചുമ്മാ തുടര് മച്ചുനാ..
:) :)

Visala Manaskan said...

എന്നും രാവിലെ “ അമ്മ പോണ്ടാ‍...“ എന്നു കരഞുകൊണ്ടാണു എന്റെ ഒരു ദിവസം ആരംഭിച്ചിരുന്നത്.

ഭയങ്കര റ്റച്ചിങ്ങ് ലൈനാണിത് ട്ടാ. എഴുത്ത് വളരെ ഇഷ്ടായി. ഉറപ്പായും തുടരുക. ഇതുവരെ ഈ ബ്ലോഗ് കണ്ടില്ലായിരുന്നു.

എല്ലാവിധ ആശംസകളും ട്ടാ.

കുട്ടന്‍മേനൊന്‍ said...

തുടരൂ കണ്ണാ.

നന്ദകുമാര്‍ said...

തുടരണോ ന്നാ?!! മോനേ മച്ചു പേര്‍ഷ്യക്കാരാ..തുടര്‍ന്നില്ലേല്‍ കൊല്ലും ഞാന്‍.എന്തുറ്റ് ശൈല്യാസ്റ്റാ ത്? തെങ്ങനെ ഓര്‍മ്മനിക്കണ് നാലു വയസ്സിലെ കാര്യങ്ങള്?!
ത്തിരി ആഡംബരത്തോടെ പറയട്ടേ..?! ഹൃദയത്തില്‍ തൊടുന്ന വരികള്‍..ഹൃദയത്തില്‍ നിന്ന്.. അപാര സുന്ദരം..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ഉശിരന്‍ എഴുത്താണല്ലോ അണ്ണാ

അങ്ങടെഴുതൂ

Sarija N S said...

ഞാന്‍ വൈകിയല്ലൊ, എന്നാലൂം കമ്മണ്ട് ഇടാതെ പോകാന്‍ വയ്യ. ബാക്കി കൂടി വായിക്കട്ടെ, അത്ര നന്നായിരിക്കുന്നു

smitha adharsh said...

ഒരു പൂച്ചയെപോലെ ഞാനും ആ സൈക്കിളിനുചുറ്റും നടക്കും.ആ മീന്‍ കുട്ടയുടെ ഉള്‍ഭാഗം കാണുക എന്നത് അക്കലത്തെ എന്റെ ജീവിതാഭിലാഷമായിരുന്നു.കുട്ടയിലേക്കുള്ള എന്റെ ഏന്തിവലിഞ നോട്ടം കണ്ട് പാവം തോന്നി ഒരു ഐസുകട്ട എനിക്കും ഒരു കുഞിമീന്‍ എന്റെ കൂടെയുള്ള പൂച്ചക്കും ഇട്ടുതരും...

same pinch

കുതിരവട്ടന്‍ :: kuthiravattan said...

കൊള്ളാം മച്ചൂ, തുടരട്ടെ.

Leji said...

നന്നയിട്ടുണ്ട്‌.....