മൈതാനത്തെ കൂട്ടുകാര്‍ -- ഭാഗം ഒന്ന്

ദേശീയ പാതയുടെ അരികില്‍ ഒരു വലിയ സ്ക്കൂള്‍ , സ്ക്കൂളിനോടു ചേര്‍ന്ന് വിശാലമായ മൈതാനം,അതിനപ്പുറത്ത് ഒരു ടീച്ചേഴ്സ് ട്രൈയ്നിങ് കോളെജ്.മൈതാനത്തിന്റെ ഒരു മൂലയില്‍ വളരെ ചെറുതും പഴയതുമായ ഒരു പീടിക. പീടികയുടെ അരികില്‍ ഇതേ കോളേജിന്റെ വനിത ഹോസ്റ്റല്‍. മൈതാനത്ത് കലപില കൂട്ടുന്ന കുട്ടികളെയും,അപ്പുറത്തെ കോളെജിലെ സാരിയുടുത്ത കുട്ടികളുടെ കലപിലയും നമുക്ക് ഈ പീടികയിലിരുന്നാല്‍ വ്യക്തമായി കാണാം. ചായകുടിക്കാനും,സിപ്പ് അപ്പ് വാങ്ങാനുമായി മാഷുമാരും കുട്ടികളും ഇവിടെ വന്നും പോയികൊണ്ടിരുന്നു.ഇതേ കടയുടെ പിറകിലായുള്ള കുടുസ്സുമുറിയില്‍ ഹാ‍ന്‍സ് വായില്‍ തിരുകിയ പത്ത് തോറ്റ പിള്ളേരുടെ കാരംസ് കളി ആരെയും ശല്ല്യ പെടുത്താതെ നടക്കുന്നു... എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ആകാശത്തിനു കീഴെയുള്ള ഒരുപാട് കാര്യങ്ങളെക്കുറിച്ച് വായ് തോരാതെ സംവദിച്ചും ഇടയ്ക്കിടെ ചായയും പുകയിലയും അകത്താക്കിയും കുറച്ചുചെറുപ്പക്കാര്‍ ..അവരുടെ പേരുകള്‍ കടയിലെ പറ്റുപുസ്തകത്തില്‍ നിന്നും വായിച്ചെടുക്കാം..


സുനില്‍, രതീഷ്,ദാസന്‍, അരുണ്‍, സായൂജ്,സന്തോഷ്.


സുനില്‍ വയസ്സ് മുപ്പത്.


കായികാദ്ധ്യാപകനാകാനുള്ള പഠനം കഴിഞ്ഞ് ഗള്‍ഫ് വഴി കര്‍ണ്ണാടകയില്‍ എത്തി,ബാര്‍ നടത്തി കൈ പൊള്ളി സ്വന്തമായുള്ള അംബാസിഡര്‍ കാറുമായി എന്നും രാ‍വിലെ ജീന്‍സ് ഷര്‍ട്ടും പാന്റുമിട്ട് ഈ കടയില്‍ എത്തുന്ന നാട്ടുകാരുടെ സുനിമാഷ്..


രതീഷ്: കമ്പ്യൂട്ടര്‍,English, സിനിമാഗാനം,രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ നല്ല വിവരമുള്ള ഒരു നടുവേദനക്കാരന്‍.


ദാസന്‍: K.S.R.T.C. ബസിന് കല്ലെറിഞ്ഞ വകയില്‍ ഒമ്പതാംക്ലാസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു ചുമരെഴുത്തുകാരന്‍.


സായൂജ്: Diploma in Electronics and Telecommunication ബിരുദധാരി.രാത്രിമുഴുവന്‍ internet ല്‍ പരതിനടന്ന് രാവിലെ ഉറക്കച്ചടവോടെ വരുകയും,സുനിമാഷുടെ കാറിനുള്ളില്‍ ചീട്ടുകളിച്ച് സമയപോക്കുന്ന ഒരു ഇരുപതുകാരന്‍.


സന്തോഷ്: കൊക്കുവായില്‍ സന്തോഷ് എന്നു പറഞ്ഞാല്‍ എല്ലാവരും അറിയും.പോക്കറ്റില്‍ ഒരു ടെസ്റ്ററുമാ‍യി നടക്കുന്ന നാട്ടുകാരുടെ സ്വന്തം ഇലക്ട്രീഷന്‍ ; തീവ്ര ഹിന്ദുവാദി.മദ്യപാനം മൂലം കുടുംബം നശിപ്പിച്ച പിതാവിനെ പറ്റി എന്നും പരിതപ്പിക്കുന്ന ഒരു O.C.R. fan..
അരുണ്‍.
പ്രായം ഇരുപത്തിനാല്.ബി.എ.ബിരുദധാരി,സുന്ദരന്‍. രജനികാന്ത്,കമലഹാസന്‍, എം.ടി.,ബാബുരാജ്,എന്നിവരുടെ ആരാധകന്‍.രാവേറെ വായിക്കുകയും,നന്നായി എഴുതുകയും,അതിലും നന്നായി പാടുകയും, ദിവസം ഇരുപത് വില്‍സ് വലിക്കുകയും ചെയ്യുന്ന പുള്ളി നാട്ടിലെ മിമിക്രി ട്രൂപ്പിലെ വിസിറ്റിങ്ങ് പ്രേംനസീറുമാണ്. യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് കളികുടുക്കയുമായി പോകുകയും എല്ലാവരും ചറപറ പഠിക്കുമ്പൊ കളിക്കുടുക്കയിലെ കുഞ്ഞികഥയും വായിച്ചിരിക്കുകയും റിസള്‍ട്ട് വരുമ്പൊ കൃത്യമായി പാസ്സാകുകയും ചെയ്യുന്ന ഒരു ഒരുവന്‍ ...


ഇവരുടെ ഇടയിലേയ്ക്ക് ഒരു വിരുന്നുകാരനായി ഞാനും.


കാലം അവര്‍ക്ക് പുതുതായി ഒന്നും നല്‍കാതെ കൊണ്ടുപോകുമ്പോള്‍ അവര്‍ക്കിടയിലേയ്ക്ക് ഒരു കൂട്ടം പെണ്‍കുട്ടികള്‍ കടന്നു വന്നു,അടുത്ത കോളെജില്‍ പുതുതായി എത്തിയവരായിരുന്നു അവര്‍. അത്യാവശ്യ സാധങ്ങള്‍ വാങ്ങാനായി വൈകുന്നേരങ്ങളില്‍ അവര്‍ മടികൂടാതെ ഇവരുടെ താവളമായ ഈ കടയില്‍ വരിക പതിവായി.

തുടരും....

4 comments:

മച്ചുനന്‍/കണ്ണന്‍ said...

ഇത് ഒരു പ്രണയ കഥയാ..
ഒരു ഗ്രാമത്തിലെ പണിയൊന്നുമില്ലാതെ നടന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു നഷ്ട പ്രണയം...
നിങ്ങള്‍ക്കിഷ്ടമായാല്‍ ഞാന്‍ വേഗം എഴുതി തീര്‍ക്കാം..

Unknown said...

കണ്ണാ,ആ മൈതാനത്തെപ്പറ്റി ഞാന്‍ ഒരു കവിതയെഴുതിയിട്ടുണ്ട്..
നിന്റെ ചെറുപ്പത്തില്‍ ,ഞാന്‍ അവിടെ വന്നു താമസിക്കുമ്പോള്‍ എന്റെ അത്ഭുതം ആ ബയോഗാസ് പ്ലാന്റായിരുന്നു..
ആ ദിവസങ്ങള്‍..വേണ്ട...നിനക്കു മെയില്‍ ചെയ്യാം

Sarija NS said...

നന്നായിരിക്കുന്നു. അധികമഭിനന്ദനങ്ങള്‍ പറഞ്ഞു ബോറാക്കുന്നില്ല. അനുഭവങ്ങളുടെ ഒരു കടലുണ്ട് ഹൃദയത്തിലെങ്കില്‍... പോരട്ടെ എല്ലാം(?) ഞങ്ങള്‍ക്കായ്

nandakumar said...

തുടരും തുടരും എന്നു പറഞ്ഞ പറ്റിച്ചാലുണ്ടല്ലാ മച്ചൂ...വരും ഞാനങ്ങോട്ട്...