തറവാട്ടില്‍ നിന്നും തടവറയിലേയ്ക്ക്...

പ്രിയമുള്ളവരേ....


( വൈകി വായിക്കുന്നവര്‍ക്കുവേണ്ടി ഒരു വാക്ക്...എന്റെ അമ്മപോണ്ടാ‍....എന്ന പോസ്റ്റിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചശേഷം ഇതു തുടരുക..)




അമ്മ പോണ്ടാ.... എന്ന എന്റെ സ്ഥിരം റിങ്ങ് ടോണ്‍ വീട്ടില്‍ ഒരു ശല്യമാകുകയും ചൂലിലെ ഈര്‍ക്കിലുകള്‍ തീര്‍ന്നുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ ...അവരാ കടുത്ത തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായി.


“ഇവനെ പെരിങ്ങോട്ടുകരയിലുള്ള വെല്ലിമ്മയുടെ വീട്ടിലേയ്ക്ക് നാടുകടത്താം...”

അതിന്‍പ്രകാരം ഒരു ദിവസം എന്റെ പതിവു കലാപരിപാടികള്‍ക്കു വിടാതെ രാവിലെ തന്നെ സുലു എന്റെ തല മുഴുവന്‍ വെളിച്ചെണ്ണ തേച്ച് കുളത്തില്‍ മുക്കി കുപ്പായമെല്ലാം ഇടീച്ച് തലമുടിയില്‍ കിളികൂടുണ്ടാക്കി എന്നെ നാടുകത്താന്‍ നിയോഗിച്ച ഇളയച്ച്ച്ഛന്റെ സൈക്കിളില്‍ കൊണ്ടിരുത്തി.
വാടാ നമുക്കൊന്നു കറങ്ങീട്ടു വരാമെന്നു പറഞ്ഞതോടെ ഞാന്‍ ഉഷാറായി

ഇതിനിടയില്‍ ഒരു പൊതിയില്‍ എന്റെ ഷര്‍ട്ടും മറ്റും സൈക്കിളിന്റെ പിറകില്‍ വച്ചിരുന്നത് ഞാന്‍
അറിഞ്ഞിരുന്നേയില്ല.
വഴിയില്‍ രവിചേട്ടനോടും മറ്റും റ്റാറ്റ പറഞ്ഞും വളവുകളില്‍ ഞാന്‍ ബെല്ലടിച്ചും, കരാഞ്ചിറ അങ്ങാടിയില്‍ ഇറങ്ങി സര്‍ബത്ത് കുടിച്ചും ഞങ്ങള്‍ പെരിങ്ങോട്ടുകര എത്തി..

വെല്ലിമ്മ എനിക്കു ചായയും മറ്റും തന്ന് വീട്ടിലെ വിശേഷങ്ങള്‍ ചോദിക്കുമ്പൊ കൊച്ഛച്ചന്‍ ഞാന്‍ കാണാതെ എങ്ങനെ അവിടെനിന്നു മുങ്ങും എന്നാലോചിക്കുകയായിരുന്നു...
അപ്പൊ വെല്ലിമ്മ: “കണ്ണാ നീ നാളെ പോയാല്‍ മതി”
“ഏയ് അതു പറ്റില്ല;നാളെ വീട്ടില്‍ തെങ്ങുകയറ്റമാ ഞാനില്ലാതെ പറ്റില്ല.....” എന്നു ഞാനും

എന്തു പറയാന്‍ ഊണ്കഴിഞ്ഞ് ചെറിയൊരു ഉറക്കം കഴിഞ്ഞെണീറ്റ്പ്പൊ കൊച്ചച്ചനും ഇല്ല സൈക്കിളും ഇല്ല...
നാലേക്ര തൊടിലിലെ ഒത്ത നടുക്കുള്ള ആ വീട്ടിലെ എന്റെ കരച്ചില്‍ ആര് കേള്‍ക്കാന്‍...
പൊരുത്തലട പാലില്‍ മുക്കിയതും അരിയുണ്ടയും വെല്ലിമ്മയും വെല്ലിച്ചനും എന്നു വേണ്ട അവിടെ പണിയെടുക്കാന്‍ വരുന്ന സരുവിനും ശിവരാമനുപോലും എന്റെ കരച്ചില്‍ നിര്‍ത്താനായില്ല..

ജയിലിലെ ഒന്നാം ദിവസം അങ്ങനെ കഴിഞ്ഞു...

പിറ്റേന്നു രാവിലെയാ വെല്ലിമ്മയുടെ നാലുമക്കളില്‍ ഇളയവനായ രാമചന്ദ്രചേട്ടനെ ഞാന്‍ കാണുന്നത്.തലേദിവസത്തെ എന്റെ ബഹളത്തീനിടയില്‍ വെല്ലിമ്മേടെ മകളായ സിന്ദേച്ചി എന്നു ഞങ്ങള്‍ വിളിക്കുന്ന ഷൈനയെ ശ്രദ്ധിക്കാന്‍ പറ്റീല.
ബാക്കി രണ്ടുമക്കള്‍ പനങ്ങാടൂള്ള എന്റെ അമ്മേടെ വീട്ടീലായിരുന്നു.
കരാട്ടുപറമ്പില്‍ കുമാരന്‍ വൈദ്യര്‍ എന്നു പറഞ്ഞാല്‍ എല്ലാവരും അറിയും,പണ്ട് സായിപ്പന്മാര്‍ ഇന്ത്യയിലെ എടപാട് ഷട്ട്ഡൌണ്‍ ചെയ്ത് പോകുന്നതിനു മുമ്പുള്ള കാലത്ത് മദിരാശിയില്‍ നിന്ന് വൈദ്യന്‍ പട്ടം കിട്ടിയ സിസ്റ്റമാ പുള്ളി. വൈദ്യരുടെ ഒരേ ഒരു ആണ്‍ തരിയാ എന്റെ വെല്ലിച്ചന്‍.
എന്റെ ഓര്‍മ്മയില്‍ പുള്ളിക്ക് ഒരു പണിയും ഉണ്ടായിരുന്നില്ല. പരന്നു കിടക്കുന്ന പാടവും,മാവിന്തോപ്പും വലിയൊരു വീടും ഉള്ള ഒരു പ്രമാണി.
പണ്ട് ജോലിക്കായി കൊളമ്പില്‍ പോയതും, എത്തിയതിന്റെ പത്താം പൊക്കം “അവിടെ പച്ചരിച്ചോറാ“ എന്നും പറഞ്ഞ് പുള്ളി തിരിച്ചു കപ്പല്‍ കയറി വീട്ടില്‍ വന്നത് വെല്ലിമ്മ തെല്ല് നിസ്സാരഭാവത്തില്‍ എനിക്കെരു കഥയായി പറഞ്ഞു തന്നിട്ടുണ്ട്.
തൃപ്രയാര്‍ അമ്പലത്തിലെ പുലച്ച വെടി പൊട്ടിയാല്‍ വെല്ലിച്ചന്‍ ഉറക്ക്മുണര്‍ന്ന് കുളികഴിഞ്ഞ് കിഴക്കേപ്പുറത്തെ മുല്ലത്തറയില്‍ വിളക്കു കൊളുത്തി സ്വന്തം റാലി സൈക്കിളുമെടുത്ത് അടുത്തുള്ള അമ്പലത്തില് പോയി വരും..
തിരിച്ചു വന്ന് കഞ്ഞി കുടി കഴിഞ്ഞ് ഒരു കഷണം പൊകല വായില്‍ തിരുകി പശുവിനെ കുളിപ്പിക്കുക,പുല്ലുംവൈക്കൊലും കൊടുക്കുക എന്ന പതിവു പരിപാടികളായി പിന്നെ.എനിക്കു ഈ വക പരിപാടീകളില്‍ നല്ല മുന്‍ പരിചയമുള്ളതുകൊണ്ട് ഞാനും ഒപ്പം കൂടി .
ഇതൊക്കെ ചെയ്യുമ്പോഴും കളിക്കാന്‍ വല്ല പിള്ളേരേം കിട്ടൊ എന്നായിരുന്നു എന്റെ ചിന്ത...വൈകാതെ ആ സത്യം മനസിലാക്കി.ജയില്‍ എന്തു കളി...
തരാതരക്കാരനായി ഞാന്‍ ആകെ കണ്ടത് പണിക്കു വരുന്ന സരുവിന്റെ മകനാ..എന്നാല്‍ “അവന്‍ നെഞ്ചുവേദനയുള്ള കുട്ടിയാ കണ്ണാ അവനു കളിക്കാനൊന്നും വയ്യ...” എന്ന് സരു പറഞ്ഞപ്പോ എന്റെ സകല പ്രതീക്ഷയും പോയി.
ഉഹ് ഇനിയെന്ത് ...എന്നാലോചിച്ചിരിക്കുമ്പോഴാ നാളെ തെങ്ങ് കയറാന്‍ ആളു വരും എന്ന വാര്‍ത്ത കേട്ടത്...അതോടെ വിണ്ടും ഞാന്‍ ഉഷാറായി...
കാക്ക കൂട് കിട്ടും, കരിക്കു കുടിക്കാം, കാക്ക പൊന്ന് തിന്നാം ഒത്തു വന്നാല്‍ ഒരു അണ്ണാന്‍ കുഞ്ഞിനേയും കളിപ്പിക്കാന്‍ കിട്ടും...എന്റെ പ്രതീക്ഷകള്‍ ചിറകുമുളച്ചു.
പക്ഷേ എന്റെ ഗതികേട് ഒരു കാരമുള്ളായി കാലില്‍ തറയ്ക്കുന്നതും തെങ്ങുകയറ്റം ഉമ്മറത്തിരുന്ന് കാണേണ്ടിവന്നതും ഒരു മറുകുറിപ്പായി ഇവിടെ ചേര്‍ക്കുന്നു.
ഇതിനിടയിലെപ്പോഴാണ് ഒരു കാര്യം എന്റെ കണ്ണില്‍ പെടുന്നത്...

പറമ്പിന്റെ ഓരോ ഭാഗത്തുനിന്നും ഇടയ്ക്കിടെ ഓരോ സ്ത്രീകള്‍ വരുന്നതും അവര്‍ സിന്ദേച്ചിയുടെ കയ്യില്‍ നിന്നും എന്തോ വാങ്ങി കൊണ്ടുപോകുന്നു തിരിച്ചു കൊടുക്കുന്നു...!!!
വഴിയേ എനിക്കു കാര്യം മനസിലായി;ആ ചുറ്റുവട്ടത്ത് ഒരു പേന ഉള്ളത് ഈ സിന്ദേച്ചിയുടെ കൈയ്യിലാ...ആളുകള്‍ കത്തെഴുതാനും മറ്റും ഈ പേനയാ കൊണ്ടുപോകുന്നത്...

സിന്ദേച്ചി ആ സമയത്ത് പ്രീ ഡിഗ്രിക്കു പഠിക്കുകയായിരുന്നു..ഉടുപ്പിനു മാച്ച് ആയ വളയും കമ്മലും,റിബണും ധരിച്ച് വിരലുകളില്‍ ക്യൂട്ടെക്സും മുഖത്ത് നിവിയ ക്രീമും പുരട്ടി കോളേജില്‍ പോകാനുള്ള ചേച്ചിയുടെ തന്ത്രപ്പാട് നല്ല രസമായിരുന്നു. കോളേജു വിട്ടു വന്നാല്‍ എനിക്ക് ദിവസവും കാഡ്ബറി ചോക്ലേറ്റ് കൊണ്ടു വരിക പതിവായിരുന്നു.
എന്റെ കളിപ്പാട്ടങ്ങള്‍ പിന്നീട് ആ ക്യൂട്ടെക് സ് കുപ്പിയും നിവിയ ചെപ്പുമായിരുന്നു കുറേ നാള്‍.....
പിന്നീട് ശിവരാമന്‍ എനിക്കൊരു വണ്ടി ഉണ്ടാക്കി തന്നു, പഴയ ചെരുപ്പെല്ലാം മുറിച്ചു ടയറുണ്ടാക്കി...


ഒരു ദിവസം ഊണുകഴിഞ്ഞു വെല്ലിമ്മ എന്നേയും കൂട്ടി പുറത്തിറങ്ങി...വഴിയില്‍ കാണുന്നവരെല്ലാം..എന്നെ നോക്കി.. “ ഇതു നമ്മുടെ സുരാജീടേ മോനല്ലെ...” എന്നു പറഞ്ഞ് കവിളില്‍ നുള്ളി ഉമ്മ വച്ചുകൊണ്ട് നടന്നുപോയി...


ആ പ്രദേശം മുഴുവന്‍ കളിമണ്‍ പാത്ര നിര്‍മ്മാണക്കാരായിരുന്നു...ഞങ്ങള്‍ എത്തി ചേര്‍ന്നതും ഒരു ഓടന്റെ വീട്ടിലായിരുന്നു; മേലുമുഴുവന്‍ കളിമണ്ണു പുരണ്ട കുറേ കുട്ടികള്‍ അവിടെ പൊട്ടിയ കലവും മറ്റും ഉപയോഗിച്ച് കളിക്കുന്നതു കണ്ട് എനിക്ക് നില്‍ക്കകളിയില്ലാ‍തായി...പക്ഷെ വെല്ലിമ്മയുടെ കൈയ്യില്‍ നിന്നും ഊരിപോന്നിട്ടു വേണ്ടെ അവരുടെ കൂടെ കളിക്കാന്‍...
തിരിച്ചു പോരുമ്പൊ വെല്ലിമ്മ രണ്ട് മണ്‍കുടവും എനിക്കൊരു കാശുകുടുക്കയും വാങ്ങി തന്ന് സമാധാനിപ്പിച്ചു.ഒരു കൈയ്യില്‍ പുതിയ കാശുകുടുക്കയും മറുകയ്യില്‍ ഓടന്റെ പെണ്ണു തന്ന പപ്പായ കഷണവും .....


കാരമുള്ളു തറച്ചതിനു ശേഷം എന്നെ തൊടിയില്‍ ഒറ്റയ്ക്കു വിടാറുണ്ടായിരുന്നില്ല...ഒരു ദിവസം അവരെ കണാ‍തെ പുറത്തിറങ്ങി...വിശാലമായ ആ തൊടിയില്‍ ഓടി നടന്ന് പേരയ്ക്ക,കശുമാങ്ങ, കൊക്കൊ കായ,മണിതക്കാളി,പൂച്ച പഴം,കാരപ്പഴമൊക്കെ കഴിച്ച് ഞാന്‍ പറമ്പിന്റെ അങ്ങേയറ്റത്തെത്തി...
അവിടെയാണ് കോല്‍ പുളി മരം നില്‍ക്കുന്നത്..അതിനടുത്തായിരുന്നു പാലപൂ മരത്തിനു താഴെയുള്ള സര്‍പ്പക്കാവ്.....
പാലപൂവ്വിന്റെ ഇതളുകള്‍ പെറുക്കുന്നതിടയില്‍ ഒരു വിളി കേട്ടു “മോനെ..”
ഒന്നു വട്ടം തിരിഞ്ഞു നോക്കി
അപരിചിതമായ ആ ശബ്ദത്തിന്റെ ഉറവിടം തേടി !!!!

(തുടരും...)




8 comments:

മച്ചുനന്‍/കണ്ണന്‍ said...

ഇത് വെറുമൊരു ഓര്‍മ്മക്കുറിപ്പുമാത്രമാണ്..
മറവിലേയ്ക്ക് മുങ്ങിതാണുകൊണ്ടിരുക്കുന്ന എന്റെ കുട്ടിക്കാലം,എവിടെയെങ്കിലും എഴുതി വയ്ക്കണമെന്നുണ്ടായിരുന്നു.
അത് ബ്ലോഗിലായിപ്പോയി എന്നു മാത്രം..നിങ്ങള്‍ വായിച്ചാലും...

Sherlock said...

എന്നാലും അതാ‍രായിരിക്കും...ആകാംഷയുടെ മുള്‍മുനയില്‍

ആദ്യമായിട്ട് ഈ വഴിക്ക് ..എഴുത്തിഷ്ടമായി :)

അനില്‍@ബ്ലോഗ് // anil said...

ജീവിതത്തിന്റെ പഴയ ഫ്രയിമുകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന ഒരാളെ കണ്ടെത്തിയതില്‍ സന്തോഷം തോന്നുന്നു.

smitha adharsh said...

അപ്പൊ,എല്ലാം പറഞ്ഞ പോലെ..നമുക്കു സെറ്റാവാം...????
എല്ലാ പോസ്റ്റും വായിച്ചു..കലക്കി ...

siva // ശിവ said...
This comment has been removed by the author.
ശ്രീ said...

ഓര്‍മ്മക്കുറിപ്പുകള്‍ കൊള്ളാം മാഷേ...

ബാക്കി കൂടി എഴുതൂ
:)

കാവലാന്‍ said...

കൊള്ളാം മച്ചുനാ, നാട്ടുമ്പുറത്തിന്റെ ഒരു ചൂരും മണവുമൊക്കെയുണ്ട്. തുടരുക ഭാവുകങ്ങള്‍.

nandakumar said...

നാട്ടിടവഴിയിലൂടെ ഓര്‍മ്മകളുടെ റബ്ബര്‍ ചക്രങ്ങള്‍ ഉരുണ്ടു. ആ ഭാഷയും വര്‍ത്തമാനവും പലതും ഓര്‍ത്തെടുപ്പിച്ചു. മുത്തങ്ങാപുല്ലിന്റെ പതുപതുപ്പ സ്പര്‍ശവും, നീരോലിയുടെ ഗന്ധവും. തോട്ടിലെ കൈതപൊണ്ണന്റെ ഇടയില്‍ നിന്ന കുളക്കോഴികള്‍ ചിലച്ചു.
നീയെനിക്ക് അന്നും ഇന്നും ‘അക്കരെ’യാണ് കണ്ണാ. പൂവ്വത്തും കടവിന്റെ അപ്പുറമുള്ളവരൊക്കെ ഞങ്ങള്‍ക്ക് അക്കരക്കാരാണ്(ആ കരക്കാര്‍). ഇപ്പോള്‍ നീ ഒരുപാടു സാഗരങ്ങള്‍ക്കക്കരെയും...

നന്ദപര്‍വ്വം-