ഹാപ്പി ബനിയനിട്ട കൂട്ടുകാരാ....ഞാനിവിടെയുണ്ട്....

പറ്റിച്ചേ......

സര്‍പ്പക്കാവില്‍ പാലപൂവ്വ് പെറുക്കിയ എന്നെ പിന്നില്‍ നിന്നും വിളിച്ചത് യക്ഷിയോ പ്രേതമോ ആയിരുന്നില്ല, എങ്കിലും കാഴ്ചയില്‍ ഒരു യക്ഷിയെപോലെ തോന്നുന്ന,മുണ്ടും നേര്യതുമുടുത്ത് ഒരു കരിമണിമാലയിട്ട ആ സ്ത്രീ പടിഞ്ഞാറേലെ ഗോപാലന്‍ മാഷുടെ ഭാര്യയയിരുന്നു. വെല്ലിമ്മേടെ വീട്ടിലേയ്ക്ക് പാലുവാങ്ങാന്‍ വരുന്ന വഴി എന്നെ അവിടെ കണ്ടപ്പോള്‍ വിളിച്ചതാ..

“ ഇതെല്ലാം തിന്ന് മോന്റെ വയറെന്തിനാ കേടാക്കുന്നേ” എന്നും പറഞ്ഞ് എന്റെ കീശയില്‍ കിടന്നിരുന്ന കൊട്ടക്കായയും പൂച്ച പഴവും എടുത്തു കളഞ്ഞു.

ഞങ്ങള്‍ നടന്ന് വീടിനടുക്കല്‍ എത്താറായപ്പൊ പശുവിനെ കറക്കുന്ന വെല്ലിമ്മയെ കാണാമായിരുന്നു.

മിണ്ടാതെ പറമ്പില്‍ പോയതിനു വെല്ലിമ്മ എന്നെ അന്ന് ചീത്ത പറഞതായി ഞാന്‍ ഓര്‍ക്കുന്നില്ല.അന്നല്ല ഒരിക്കലും വെല്ലിമ്മ എന്നെ ചീത്ത പറഞ്ഞിട്ടീല്ല. സത്യം.

രണ്ട് ദിവസം കൊണ്ട് വീട്ടില്‍ നിന്നും പോന്നതിന്റെ വിഷമമെല്ലാം മാറിയിരുന്നു.

അന്ന് ഒരു പണിയുമില്ലാതെ നടന്നിരുന്ന രാമചന്ദ്രേട്ടന്റെ കൂടെ വെല്ലിച്ചന്റെ സൈക്കിള്‍ അടിച്ചുമാറ്റി ഞങ്ങള്‍ കറങ്ങാന്‍ പോയിതുടങ്ങി.എന്നേയും കൊണ്ട് പോകുന്നതിന്‍ പുള്ളിക്ക് വേറൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു.നളന്ദ സ്ക്കൂളിലെ ഒരു പത്താം ക്ലാസുകാരിയായി ഒരു ചുറ്റികളി നടക്കുന്ന സമയമായിരുന്നു അന്ന്.കൂടെ ഇത്തിരീം പോന്ന ഒരു ചെറുക്കന്‍ ഉണ്ടെങ്കി വെട്ടുവഴിയില്‍ സ്ക്കൂള്‍ വിട്ട നേരത്ത് കറങ്ങി നടന്നാല്‍ ആരും സംശയിക്കില്ലല്ലൊ...കാര്യം എന്നേയും കൊണ്ടാ കറങ്ങാന്‍ പോകുന്നതെങ്കിലും രണ്ടു മിനിറ്റ് നേരത്തേയ്ക്ക് എന്നെ അന്തോണീടെ പീടികയിലിരുത്തി പുള്ളി ഒറ്റ മുങ്ങലാ..അതു അവളേന്നു ലവ് ലെറ്റര്‍ വാങ്ങാനുള്ള പോക്കായിരുന്നു എന്നത് ഇപ്പൊ എന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്കു മനസിലായി.

രാമന്ദ്രേട്ടന്‍ ഒരു സുന്ദരകുട്ടപ്പനായിരുന്നു.എന്നും രാവിലെ ഹമാം സോപ്പില്‍ ഒരു കുളി,ഒപ്പം ഒരു ബാര്‍സോപ്പുകൊണ്ട് തന്റെ ബാറ്റ ചെരുപ്പും വെളുപ്പിച്ച് ചവിട്ടു പടിയില്‍ ചാരിവയ്ക്കും,പിന്നെ വട്ട ചീര്‍പ്പോണ്ട് തലമുടി നേരെ പിന്നിലേയ്ക് ഈരിയൊതുക്കും.ഞാനന്നാ കാണുന്നത് മുടി പിന്നീയ്ക്ക് ഈരുന്ന വിദ്യ. കാരണം അന്ന് എന്റെ സ്റ്റൈല്‍ ഹിപ്പി ആയിരുന്നു, പോരാത്തതിന് അതില്‍ ഒരു കിളിക്കുടും, പലതരത്തിലുള്ള കിളിക്കൂട് വച്ച തലമുടി,ഉരുളന്‍ ചീര്‍പ്പില്‍ ചുരുട്ടിയെടുത്ത മുടി എന്നിങ്ങനെയൊക്കെ കണ്ടിട്ടുണ്ട്. എന്റെ വായും പൊളിച്ചുള്ള നോട്ടം കണ്ട് പുള്ളി പറയാ ‘“ഇതാടാ റഹ്മാന്‍ സ്റ്റൈല്‍..”

ഒരാഴ്ചകൊണ്ട് ആ നാട്ടുകാരുമായി നല്ല പരിചയത്തിലായി ഞാന്‍....

എന്നും രാവിലെ ഒരു കുട്ട നിറയെ പുഴമീനുമായി വരുന്ന കണക്കി തള്ള അന്നും ഇന്നും ഒരു പോലുണ്ട്..കണക്കി തള്ളയുടെ ത്രാസ്സ് ഒരു ഇരുമ്പു വടിയായിരുന്നു, ഒരറ്റത്തെ കെട്ടിയ പാത്രത്തില്‍ മീനുമിട്ട് നടുക്കിലെ ചരടില്‍ പിടിച്ചു തൂക്കം നോക്കുന്ന വിദ്യ എനിക്കന്നും ഇന്നും പിടികിട്ടീട്ടില്ല.

അതു പോലെ ചന്തിയില്‍ കുറേ കത്തിയും ഒരു ചെപ്പില്‍ ചേറും നിറച്ച്, ഒരു കഷണം നീല തുണിമാത്രമുടുത്ത് കള്ളു ചെത്താന്‍ പോകുന്ന ശങ്കരേട്ടന്‍...

സന്ധ്യാസമയങ്ങളില്‍ രാമനാമം ചൊല്ലുന്ന കിഴക്കേലെ കമലമ്മായി,എപ്പോഴും കാക്കി ഷര്‍ട്ടുമിട്ട് നടക്കുന്ന കമലമ്മായീടെ ഭര്‍ത്താവും കേ.കെ.മേനോന്‍ ബസ്സിന്റെ വളയം പിടുത്തക്കാരനുമായ സ്വാമിനാഥമ്മാന്‍..

ഒരു ദിവസം പത്ത് തവണയെങ്കിലും ലൂണയും ഓടിച്ച് പീടികയില്‍ പോകുന്ന കരുണമ്മാന്‍..

പേരറിയാത്ത എന്തോ അസുഖമുള്ള പുള്ളീടെ മകള്‍ മീനചേച്ചി..

എപ്പോഴും ഒരു കൈക്കോട്ടും പിടിച്ച് നടക്കുന്ന ലക്ഷ്മണേട്ടന്‍,

പോലീസുകാരന്‍ നരേന്ദ്രേട്ടന്‍

ഒരു കാറ്റുവീശിയാല്‍ പറന്നുപോകുമെന്നു തോന്നിക്കുന്ന ഗോപാലന്മാഷ്..

നടക്കുമ്പൊ രണ്ട് മുട്ടും കൂട്ടിമുട്ടുന്ന ബ്രോക്കര്‍ സായ്‌വ്;സിന്ദേച്ചിക്ക് എന്നും ഓരോ ആലോചനകളുമായി വരുന്ന സായ്‌വിന്‍ വെല്ലിമ്മ കൊടുത്ത ചായക്കൊ വെല്ലിച്ചന്‍ കൊടുത്ത പത്തുറുപ്പികകള്‍ക്കോ സായ്‌വ് എടുത്ത് കൊണ്ട് പോകുന്ന തേങ്ങകള്‍ക്കോ ഒരു കണക്കും ഉണ്ടായിരുന്നില്ല..

ഒരു ദിവസം രാവിലെ വെട്ടു വഴിയില്‍ പൊടി പറത്തിക്കൊണ്ട് വന്ന അംബാസിഡര്‍ കാര്‍ വെല്ലിമ്മേടെ അപ്പുറത്തെ വീട്ടില്‍ നിര്‍ത്തുന്നത് കണ്ട് സിന്ദേച്ചി എന്നെ വിളിച്ചു പറഞ്ഞു “ കണ്ണാ ദാ നിനക്കു കളിക്കാനായി ഒരാള്‍ വന്നിട്ടുണ്ട് ആ കാറില്‍ .....” കാറില്‍ നിന്നും എന്റെ അതേ പ്രായമുള്ള ഒരു പയ്യന്‍ ഇറങ്ങുന്നത് കണ്ട് “ ഓഹ് സമാധാനമായി കളിക്കാന്‍ ഒരാളെ കിട്ട്യേലോ..”എന്നു മനസില്‍ പറഞ്ഞു.

അന്ന് വൈകുന്നേരം സിന്ദേച്ചീടെ കൈയ്യും പിടിച്ച് അവന്‍ വരുന്നതുകണ്ട് ഞാന്‍ തുള്ളിചാടി...

വൈകാതെ ഞാന്‍ ആ സത്യം മനസിലാക്കി

ഒരു കട്ടി കണ്ണടയും ഹാപ്പി ബനിയനുമിട്ട് വന്ന എന്റെ കളികൂട്ടുകാരന്‍ ഇന്നു രാവിലെ ഇവിടെയെത്തിയത് ബോംബേന്നായിരുന്നു.അവന് ഇംഗ്ലീഷല്ലാതെ വേറെ ഒന്നും അറിയില്ല..!!!!

ഇതു വരെ സ്ക്കൂളീ പോകാത്ത ഞാനും ബോംബെലെ സ്ക്കൂളീല്‍ ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡില്‍ പടിക്കുന്ന വിലേഷ് എന്ന ഹാപ്പി ബയനിയന്‍ കാരനും പെട്ടന്ന് ചങ്ങാതിമാരായി..

ഏതൊക്കെയോ ഭാഷയില്‍ ഞങ്ങള്‍ കള്ളനും പോലീസും കളിച്ചു, പറമ്പു മുഴുവന്‍ ഓടികളിച്ചു, വെള്ളം കുടിപ്പിക്കാനായി അഴിച്ചു വിടുന്ന പശുകുട്ടിയെ ഓട്ടിച്ചും,പേരമരത്തില്‍ ഊഞ്ഞാലാടിയും,ശിവരാമന്‍ കെട്ടി തന്ന ഓല പമ്പരം കറക്കിയോടിയും , ഓട്ടത്തിനിടെ വീണ് കാലു പോറിയത് പരസ്പരം വീട്ടില്‍ പറയാതിരുന്നതും....രണ്ടാഴ്ചയ്ക്കു ശേഷം അതേ കാറ് അവനേയും കൊണ്ട് പൊടി പറത്തി പോകുന്നത് തട്ടിന്മുകളിലെ ജനലിന്റെ മരയഴിയിലൂടെ നോക്കി നിന്നതുമെല്ലാം കഴിഞ്ഞ് ഇന്നേയ്ക്ക് ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു....

ഒരു മാസം മുന്‍പാ ഓര്‍ക്കൂട്ടില്‍ പരതി നടക്കുന്നതിനിടെ അവിചാരിതമായി ആ പേരു കാണുന്നത്..

വിലേഷ് .....

മുംബൈ...

പ്രൊഫഷന്‍: ഡോക്ടര്‍

അത് അവന്‍ തന്നെയായിരുന്നു..

ഒരു സോഡകുപ്പി കണ്ണടയും ഹാപ്പി ബനിയനുമിട്ട് എന്റെ കൂടെ കളിച്ചു നടന്ന....

അവനോട് പറയാന്‍ ഒരു പാടുകാര്യങ്ങളുണ്ടായിരുന്നിട്ടും ഞാനൊരു ഫ്രണ്ട്സ് റിക്കൊസ്റ്റ് അയച്ചില്ല...

ഇരുപത്തഞ്ച് വര്‍ഷം മുന്‍പ് കുറച്ചു ദിവസം മാത്രം കളിച്ചു നടന്ന എന്നെ അവന് ഓര്‍മ്മ വന്നില്ലങ്കിലോ...

( തുടരും...തുടര്‍ന്നേ പറ്റൂ എനിക്ക്....)

14 comments:

മച്ചുനന്‍/കണ്ണന്‍ said...

പ്രിയമുള്ളവരേ..
ഞാന്‍ തുടരുകയാണ്
എനിക്കിനി തുടര്‍ന്നേ പറ്റൂ..
വയസ് ഇരുപത്തെട്ടായി,ചിലപ്പോ ഒരു വര്‍ഷം കൂടി എനിക്കൊരു ചെറുപ്പക്കാരനായി തുടരാന്‍ കഴിയും അതു കഴിഞ്ഞാല്‍ എന്റെ ഓര്‍മ്മകള്‍ മങ്ങിതുടങ്ങുമോ എന്നൊരു പേടി..
ഇതാ നിങ്ങള്‍ക്കായി ഒരു ജീരകമുട്ടായി കൂടി..

ശ്രീ said...

ആദ്യ തേങ്ങ എന്റെ വക
“ഠേ!”

നല്ല മനോഹരമായ ഓര്‍മ്മകള്‍ മാഷേ....

എന്തായാലും ഡോ. വിലേഷിന് ഒരു സ്ക്രാപ്പ് ഇട്ടു നോക്കൂ. ഓര്‍മ്മ കാണുമോ എന്നറിയാമല്ലോ. ഇത്തരം സൌഹൃദങ്ങള്‍ പുതുക്കാന്‍ കഴിയുന്നതു തന്നെ ഭാഗ്യമല്ലേ മാഷേ...

തുടരണം... തുടര്‍ന്നേ പറ്റൂ... ഞങ്ങള്‍ക്കു വേണ്ടിയും.
:)

ജിതേഷ്‌ | gthesh said...

കുട്ടിക്കാലത്തെ ഹിറ്റ്‌ കുപ്പായങ്ങളിലൊന്നായിരുന്നു
ഹാപ്പി ബനിയന്‍. ഹാപ്പി എന്നെഴുതിയതിനു താഴേ
ഒരു കരടിയുടെ ചിത്രം കൂടിയുണ്ടായിരുന്നില്ലേ...

ഓര്‍മകള്‍ ഒരിക്കലും മങ്ങില്ല മാഷേ, പേടിക്കേണ്ട.

നന്നായി എഴുതിയിരിക്കുന്നു

Sarija NS said...

നന്നായി കഥ പറയുന്നു കണ്ണാ നീ. ഓര്‍മ്മകള്‍ തീര്‍ച്ചയായും മങ്ങും.പക്ഷെ അക്ഷരങ്ങളില്‍ കൊരുത്ത് നീ അത് ഞങ്ങള്‍ക്ക് പകര്‍ന്ന് തരുന്നു. നീ മറന്നാലും ഞങ്ങള്‍ ഓര്‍ത്തു വയ്ക്കും. നമ്മളെല്ലാവരും മറന്നാലും ഗൂഗിള്‍ സെര്‍വര്‍ ഈ ഓര്‍മ്മകളെ കാത്തു വയ്ക്കും. വരും തലമുറയുടെ ഗൃഹാതുരത്ത്വം നിറഞ്ഞ സെര്‍ച്ചുകള്‍ ഈ അക്ഷരങ്ങളെ , ഈ താളിനെ അവരുടെ മുന്നിലെത്തിക്കും. ഒരിക്കല്‍ നിന്‍റെ മക്കള്‍ വന്ന് നിന്നോട് പറയും, “അച്ഛാ ഞങ്ങള്‍ കണ്ടു അച്ഛന്‍ എഴുതുയതെല്ലാം.ച്ഛേഹ് എന്തൊരു ബോറ്‌” ;-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ഒരു ദേശത്തിന്റെ കഥ” മൊത്തം പറഞ്ഞു തുടങ്ങീട്ട് ഒരു ഓര്‍ക്കുട്ട് സ്ക്രാപ്പിലു നിര്‍ത്തിക്കളഞ്ഞാ!!!! തുടരൂ

ഓടോ: 2003ലു ഞാന്‍ കയ്യൊടിച്ച സര്‍ദാര്‍ജി പയ്യനെ ഓര്‍ക്കുട്ടില്‍ എത്ര നാളായി ഞാന്‍ തിരയുന്നു...:(

smitha adharsh said...

ആ happy ബനിയന്‍ എന്‍റെ ഒരു വീക്നെസ് ആയിരുന്നു.പക്ഷെ, അത് ഇടാന്‍ അച്ഛമ്മ സമ്മതിച്ചിരുന്നില്ല.കാരണം,അച്ഛമ്മ പറയാറുള്ളത്,ബനിയനൊക്കെ ആണ്‍ പിള്ളേരാ ഇടുക എന്നായിരുന്നു.ചേട്ടനും,ചെറിയച്ഛന്റെ മോനും എല്ലാം happy ബനിയന്‍ ഇട്ടു നടക്കുന്നത് ഞാന്‍ കൊതിയോടെ നോക്കിയിട്ടുണ്ട്.
പഴയ കാലതെക്കൊരു മടക്ക യാത്ര ഒരുക്കിത്തന്ന മച്ചുനന് നന്ദി..ഇതിലും,കുറെ സെയിം പിനച്ച് നുള്ള സ്കോപ്പ് ഉണ്ട്.പക്ഷെ,എപ്പോ കണ്ടാലും എന്തിനാ വെറുതെ പിച്ചി തൊലിയെടുക്കുന്നത് ??
ആ പഴയ ചങ്ങാതിയ്ക്ക്‌ ഒരു സ്ക്രാപ്പ് ഇട്ടു നോക്കൂ..ശ്രീ പറഞ്ഞതുപോലെ ഓര്മ ഉണ്ടെന്കിലോ?
ബാല്യകാലം ഇനിയും പോസ്ടാക്കൂ..

സുല്‍ |Sul said...

കണ്ണാ... വായിച്ചു വന്നപ്പോള്‍ കണ്ണു നിറച്ചൂലോ നീ. ഹൃദ്യമായിരിക്കുന്നു ഈ രചന.
“ഒരു ദിവസം പത്ത് തവണയെങ്കിലും ലൂണയും ഓടിച്ച് പീടികയില്‍ പോകുന്ന കരുണമ്മാന്‍..

പേരറിയാത്ത എന്തോ അസുഖമുള്ള പുള്ളീടെ മകള്‍ മീനചേച്ചി..

എപ്പോഴും ഒരു കൈക്കോട്ടും പിടിച്ച് നടക്കുന്ന ലക്ഷ്മണേട്ടന്‍,

പോലീസുകാരന്‍ നരേന്ദ്രേട്ടന്‍

ഒരു കാറ്റുവീശിയാല്‍ പറന്നുപോകുമെന്നു തോന്നിക്കുന്ന ഗോപാലന്മാഷ്...“ അങ്ങനെ അങ്ങനെ... കണ്ണനെഴുതാന്‍ ഇനി എത്രയെത്ര അല്ലേ... എല്ലാം എഴുതുക.
ഭാവുകങ്ങള്‍...
-സുല്‍

ഉണ്ണി.......... said...

kanna oru formattinginu shehsam malayalam font polum varatha avashtelanue,,,,,,,,,,,
innu ninte blog njan kandath thani malayalathilaanue ennum veru vanno ennu parichu nokiyirunna chedikk mula vannu.............
iniyum thudangukaa
ennenkilum njanum undavum alle oru
side role il enkilum

Sharu (Ansha Muneer) said...

കണ്ണാ, ആ സുഹൃത്തിന്‍ ഒരു സ്ക്രാപ്പയയ്ക്കൂ.. ചിലപ്പോള്‍ ഓര്‍മ്മയുണ്ടെങ്കിലോ? ഉണ്ടെങ്കില്‍ ഒരുപക്ഷെ അയാള്‍ക്കും അത് ഹൃദ്യമായ ഒരു അനുഭവമാകും.അങ്ങനെ സംഭവിച്ചാല്‍ അത് ഞങ്ങളുമായി പങ്കുവെക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് കൂടുതല്‍ പോസ്റ്റിനായി കാത്തിരിയ്ക്കുന്നു :)

അക്കേട്ടന്‍ said...

മച്ചുനാ....
ഇന്നാണ് ബ്ലോഗ് വായിച്ചത്. നന്നായിരിക്കുന്നു എന്ന് പറഞ്ഞാല്‍ പോര, വളരെ വളരെ നന്നായിരിക്കുന്നു. കുട്ടികാലത്തെ ഓര്‍മ്മകള്‍ വിവരിച്ചതില്‍ ഗൃഹാതുരത്വം തുളുമ്പി നില്‍ക്കുന്നു. ഇനിയും എഴുതുക എന്റെ പ്രിയ എഴുത്തുകാരില്‍ ഇനി മച്ചുനനും ഉണ്ട്. "ഓര്‍മികതക്കതായി എന്തെങ്കിലും ഉണ്ടാവുക അത് നന്മയുമായി ബന്ധമുള്ളതാവുക, എങ്കില്‍ എത്ര ഭാഗ്യം"എന്ന് എന്റെ ഓട്ടോ ഗ്രാഫില്‍ എന്നും മുറുക്കി ചുവപ്പിച്ച ചുണ്ടില്‍ കവിത മൂളിക്കൊണ്ട് വന്നിരുന്ന ചന്ദ്രശേഖരന്‍ മാഷ് എഴുതി തന്നത് ഓര്‍മയില്‍ വരുന്നു. ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ നമുക്കെല്ലാവര്‍ക്കും .....

അല്ഫോന്‍സക്കുട്ടി said...

ഹാപ്പി ബനിയനിട്ടു നടന്നിരുന്ന കുട്ടിക്കാലത്തെ പറ്റി ഒരു പോസ്റ്റിടാനിരിക്കുകയായിരുന്നു ഞാന്‍, അതിപ്പോ കൊളമായി കിട്ടി.

അമ്മച്ചീടെ രണ്ടലക്ക് കഴിയുമ്പോ ഹാപ്പി ബനിയന്റെ H അക്ഷരം മിക്കവാറും ഇളകി പോകും. എന്നിട്ടും ഞാന്‍ അപ്പി ബനിയനിട്ട് അഭിമാനത്തോടെ നടന്നിരുന്നു.

നന്നായിരിക്കുന്നു ഓര്‍മ്മകള്‍.

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

nandakumar said...

മച്ചുനന്‍ കണ്ണാ
എപ്പോഴും വന്ന തോളില്‍ തട്ടാന്‍ എനിക്ക് പറ്റില്ലാട്ടോ, ഒള്ള കാര്യം പറഞ്ഞേക്കാം.
ഗൃഹാതുരത്വം ഒരുപാടുണ്ട് നിന്റെ പോസ്റ്റില്‍. ഇതൊക്കെ മനസ്സിന്റെ ഏതു ഹിഡ്ഡന്‍ ഫോള്‍ഡറില്‍ നീ ഒളിപ്പിച്ചു വച്ചു?
കനോലിക്കനാലിന്റെ തീരത്തുകൂടി ഒരു അക്ഷരയാത്ര, തൃപ്പ്രയാറപ്പന്റെ പൂജാപുഷ്പങ്ങള്‍ വന്നടിയാറുള്ള പൂവെത്തും കടവെന്ന ഞങ്ങളുടെ പോത്തുംകടവ്. നിന്റെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ എന്റെ മനസ്സ് പണ്ട് ‘അക്കരെ’ക്ക് യാത്രചെയ്തിരുന്നതൊക്കെ ഓര്‍മ്മിപ്പിക്കുന്നു.

ജിവി/JiVi said...

സ്ക്കൂളില്‍ എല്ലാ കുട്ടികള്‍ക്കും ഉണ്ടായിരുന്നൂ ഹാപ്പി ബനിയന്‍. എനിക്കൊഴിച്ച്. ഒടുവില്‍ അതു കിട്ടിയപ്പോഴത്തെ സ്ന്തോഷം. അഭിമാനത്തോടെ ഇട്ടു നടന്നത്.. ഒക്കെ ഓര്‍ത്തു.

ബാക്കിയും അറിയണം. പെട്ടെന്ന് തന്നെ എഴുതുമല്ലോ..