കൊടലന്റെ വിമാനയാത്ര

( വൈകി വായിക്കുന്നവരോട് ഒരു വാക്ക്..എന്റെ അമ്മ പോണ്ടാ..എന്ന പോസ്റ്റ് മുതല്‍ വായിക്കുക..)


“ദേ നോക്ക്യേ കണ്ണാ ആരാ വന്നിരിക്കുന്നത്...”

അതു മറ്റാരുമായിരുന്നില്ല ,എന്നെ ഇവിടെ കൊണ്ടുവിട്ട് മുങ്ങിയ സാക്ഷാല്‍ കൊച്ചച്ചന്‍ ആയിരുന്നു.

ഒരു കള്ളച്ചിരിയുമായി ചക്ക വറുത്തതും കൊറിച്ചിരിക്കുന്ന പുള്ളി എന്നെ കൊണ്ടുപോകാന്‍ വന്നതായിരുന്നു.

രാമന്ദ്രേട്ടന്റെ കൂടെ ഏകാദശി കാണാന്‍ പോകേണ്ട കാര്യം ഓര്‍ത്തപ്പൊ ഞാന്‍ എന്റെ പതിവ് കരച്ചില്‍ തുടങ്ങി...

അപ്പൊ വെല്ലിമ്മ : “ കണ്ണാ വീട്ടില്‍ മണിപാപ്പന്‍ ഗള്‍ഫീന്നു വന്നിട്ടുണ്ട്..നിനക്കെന്തൊക്കെയാ കൊണ്ടുവന്നിരിക്കുന്നത് എന്നറിയോ..?”

അതോടെ ഏകാദശീം പോയി, കരച്ചിലും പോയി...

അങ്ങനെ ഒരു സഞ്ചി നിറയെ ചേമ്പ്,വെള്ളരി,മാങ്ങ,അരിയുണ്ട,പപ്പാ‍യ,ഒരു കുപ്പി പശുനെയ്യ് എന്നീ സാധനങ്ങളുമായി ഞാന്‍ തറവാട്ടില്‍ തിരിച്ചെത്തി..

വീട്ടിലെ ബാക്കിയുള്ള ഒറ്റ വയസുകാര്‍ മുഴുവന്‍ പലതരം കാര്‍ നിലത്ത് ഓടിച്ചു കളിക്കുന്നു..

അതോടെ മണിപാപ്പന്‍ വന്നത് ഉറപ്പിച്ചു..നേരെ അച്ചമ്മേടെ അടുത്തേയ്ക്ക് ഓടി.

വെല്ലിമ്മേടെ വീട്ടിലെ വിശേഷങ്ങള്‍ക്കൊന്നും മറുപടി പറയാതെ അച്ചമ്മേടെ കട്ടിലിനടിയില്‍ ഞാന്‍ ഊളിയിട്ടു..എന്റെ ഊഹം തെറ്റിയില്ല അതാ ഇരിക്കുന്നു എനിക്കുള്ള കളിസാമാനങ്ങള്‍..!!!

ഒരു കുഞ്ഞി ജെ.സി.ബി.,ഒരു കാര്‍, പിന്നെ ഊതി വീറ്പ്പിച്ചാല്‍ മുയലിന്റെ രൂപം വരുന്ന ഒരു വെളുത്ത ബലൂണ്‍... സംഗതി കൂശാല്‍...ദേണ്ടാ ഒരു പൊതി നിറയെ പലതരം ചോക്ലേറ്റുകള്‍ അച്ചമ്മേടെ വക...

അലിഞ്ഞുതുടങ്ങിയ ചോക്ലേറ്റ് വായിലിട്ട് നേരെ ഉമ്മറത്ത് ചെന്ന് ഞാനും അവരുടെ കൂടെ കളി തുടങ്ങി.പിന്നെ തല്ലായി, പിച്ചലായി, മാന്തലായി...



മണിപാപ്പന്‍ എന്നെ കൊടലന്‍ എന്നാ വിളിയ്ക്കാ....

എന്റെ കുഞ്ഞു സംശയങ്ങള്‍ തീര്‍ത്തു തരുന്ന മണിപാപ്പന് എന്നെ വല്ല്യ ഇഷ്ടായിരുന്നു..( ഇപ്പോഴും)

പാപ്പന്റെ വയറില്‍ ഇടിക്കുക, മുടി പിടിച്ചു വലിക്കുക,പുറത്ത് കയറിയിരിക്കുക,സൈക്കിളില്‍ ചുറ്റുക ഇതൊക്കെയായിരുന്നു കലാപരിപാടികള്‍...

“ പാപ്പന്‍ എങ്ങനെയാ ഗള്‍ഫീന്നു വന്നത്”

“ പ്ലെയ്നില്‍..”

“പ്ലെയിന് മാനത്ത് റോഡ് ഉണ്ടൊ..?”

“പിന്നേ..”

“അപ്പൊ വേറെ പ്ലെയിനുമായി കൂട്ടിയിടിക്കില്ലേ...”

“ ഇല്ല; ഓരോ പ്ലെയിനും ഓരോ റോഡ് ഉണ്ട്...”

“പ്ലെയിനില്‍ കയറിയപ്പൊ പാ‍പ്പന്‍ ചെറുതായോ..”

“ ഇല്ലടാ കൊടലാ..അത് നമുക്ക് തോന്നുന്നതാ..”

രാത്രി കഞ്ഞിയില്‍ പശുനെയ്യ് ഒഴിച്ച് കുടിക്കുന്നതിനിടയില്‍ ഇതൊക്കെയായിരുന്നു എന്റെ സംശയങ്ങള്‍.....

പിറ്റേന്ന് രാവിലെ മുതല്‍ വീട്ടില്‍ ആളുകളുടെ ബഹളമായിരുന്നു..

സുലുവിന് എനിക്ക് പാലുതരാന്‍ പോലും നേരം ഉണ്ടായിരുന്നില്ല..

ഒരു വശത്ത് വേലികെട്ട്, വീട് വൈറ്റ്വാഷ് ...

കൊച്ചച്ചന്‍ ഒരു വലിയ കത്രിക കൊണ്ട് മുറ്റത്തെ ബുഷ് വെട്ടുന്നു..

ഗംഗാരേട്ടനനും ജയചേട്ടനും തുളസിചേട്ടനും മുറ്റത്ത് പന്തല്‍ ഇടുന്നു...??

അപ്പൊഴാ ഞാനറിയുന്നത് മണിപാപ്പന്റെ കല്യാണം ആയി..!!!

അന്ന് ഉച്ചതിരിഞ്ഞ് പാപ്പന്റെ കൂടെ കല്യാണം വിളിക്കാന്‍ പോയി വരുന്ന വഴി എന്നെ ബാര്‍ബര്‍ ഷാപ്പില്‍ കയറ്റി എന്റെ ഹിപ്പി മുടി വെട്ടിച്ചു...

മുടിവെട്ടി വന്ന് എന്നെ കുളിപ്പിയ്ക്കാന്‍ ആര്‍ക്കും നേരണ്ടാര്‍ന്നില്ല..അത്ര തിരക്ക് വീട്ടില്‍..

കല്യാണതലേന്ന് മുറ്റത്തെ പന്തലില്‍ വെളുത്ത അരങ്ങ് മൈദ പശമുക്കി ചാക്കുവള്ളിയില്‍ ഒട്ടിച്ച് തൂക്കുന്ന പരിപാടിയിലെ സഹായി ഞാനായിരുന്നു...

വീട്ടില്‍ വരുന്നവര്‍ക്ക് ഫ്രൂട്ടൊമാന്‍ സ്ക്വാഷ് കലക്കികൊടുക്കുന്ന തിരക്കിലായിരുന്നു അമ്മ...

അഛന്‍ അരയില്‍ ഒരു പേനാകത്തിയും തിരുകി കൈകെഴുകാന്‍ ഒരു ഡ്രമ്മില്‍ വെള്ളം നിറയ്ക്കുന്ന തിരക്കിലും..

തെക്കേപുറത്ത് പുതുതായി കെട്ടിയ ഒരു ഷെഡില്‍ നിന്നും നല്ല മണം വരുന്നുണ്ട്..പക്ഷെ പിള്ളേര്‍ക്കൊന്നും അതു വഴി പ്രവേശനമില്ല..

രവിചേട്ടന്റെ പുറത്തു കയറി ഞാന്‍ അതു വഴി പോയി ..അവിടെയതാ...

ഭാനുമ്മായി എന്ന് ഞങ്ങള്‍ വിളിക്കുന്ന അച്ചമ്മേടെ സഹായിയും ഉണ്ണിചേട്ടന്‍ എന്ന മകനും പിന്നെ വേറൊരാളും കൂടി ഒരു കുട്ട നിറയെ ലഡു ഉണ്ടാക്കുന്നു..!!!

ഒരു ലഡുവും കുറച്ച് കറുത്തമുന്തിരിയും എനിക്ക് കിട്ടി...!!!



പ്രിയമുള്ളവരേ...

കല്ല്യാണ ദിവത്തെ കാര്യങ്ങള്‍ ഒന്നും എനിക്കോര്‍മ്മ വരുന്നില്ല...

അതുകഴിഞ്ഞുള്ള ദിവസങ്ങള്‍ നല്ല ഓര്‍മ്മയുണ്ട്.....

നാട്ടിലായിരുന്നപ്പൊ പലപ്പോഴും മണിപാപ്പന്റെ കല്യാണ ആല്‍ബം ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്..

പക്ഷേ ആ ദിവസം എനിക്കോര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നില്ല..സോറി...



രണ്ട് മൂന്ന് ദിവസം കഴിഞ്ഞാ മണിപാപ്പനെ ഞാന്‍ കാണുന്നത് ...അപ്പൊ പാപ്പന്റെ കൂടെ മോളിമേമ എന്ന് അമ്മ വിളിക്കാന്‍ പറഞ്ഞിരുന്ന രേണുക എന്ന എന്റെ ഇളയമ്മയും ഉണ്ടായിരുന്നു..

മോളിമേമയുടെ വീട് കൊച്ചിയിലായിരുന്നു.

അവര്‍ വന്ന ലോഹിച്ചേട്ടന്റെ കാര്‍ നിറയെ പലഹാരങ്ങളായിരുന്നു..അതു കൊണ്ട് അന്ന് മോളിമേമയെ മൈന്റ് ചെയ്യാനും പറ്റീല...

മോളിമേമയെ പിന്നീട് ഞങ്ങള്‍ മോളിയമ്മ എന്നാക്കി വിളി.മോളിയമ്മയുടെ സംസാരം തനി കൊച്ചിക്കാരുടേതായിരുന്നു...

പിന്നീടുള്ള ദിവസങ്ങളില്‍ എനിക്ക് പാല് കൊടുക്കുക എന്ന ആ സാഹസം മോളിയമ്മ ഏറ്റെടുത്തു...

എന്തോ..മോളിയമ്മ ആ ചടങ്ങ് വല്യ കുഴപ്പമില്ലാതെ ചെയ്തു പോന്നു..

ഒരു മാസത്തിനു ശേഷം മണിപാപ്പന്‍ തിരികെ ഗള്‍ഫില്‍ പോകാറായി...

രാവിലെ തന്നെ ലോഹിചേട്ടന്റെ കാര്‍ മുറ്റത്തെത്തി..

നാളെ രാവിലെ ഈ കാര്‍ വരും എന്നറിഞ്ഞുകൊണ്ടു തന്നെ ഒരു കരച്ചില്‍ പാസ്സാക്കി പാപ്പനെ പ്ലെയിന്‍ കേറ്റാന്‍ പോകുന്നവരുടെ ലിസ്റ്റില്‍ എന്റെ പേരുകൂടി ഞാന്‍ ഒപ്പിച്ചെടുത്തിരുന്നു...



കുറേ പുഴകളും പാലങ്ങളും വലിയ കെട്ടിടങ്ങളും കടലും കപ്പലുമെല്ലാം കടന്ന് ഞങ്ങള്‍ കൊച്ചിയിലെ വിമാനത്താവളത്തില്‍ എത്തി...മോളിയമ്മ കരയുന്നുണ്ടായിരുന്നു..

എല്ലാവര്‍ക്കും റ്റാറ്റ കൊടുത്ത് ഒരു വിമാനത്തിന്റെ പടമുള്ള ബാഗ് തോളിലിട്ട് പാപ്പന്‍ വിമാത്താവളത്തിനുള്ളില്‍ കയറിപോയി...

ഞങ്ങള്‍ വിമാനം പറക്കുന്നത് കാണാനായി ചില്ലിട്ട ഒരു ഹാളിലേയ്ക്കും പോയി....

അവിടെ ചെന്നപ്പൊ കുറേ ആളുകള്‍ കൂടിയിരിക്കുന്നു..എനിക്കാണെങ്കില്‍ പുറത്തെ കാഴ്ചകള്‍ ഒന്നും കാണാനും പറ്റുന്നില്ല...വിമാനം വരുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്...എന്റെ മുമ്പിലുള്ള ആളുകള്‍ ആര്‍ക്കോ റ്റാറ്റ കൊടുക്കുന്നുമുണ്ട്...

ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല പതിവു പരിപാടി പുറത്തെടുത്തു...!!!

ഒരു ഉഗ്രന്‍ കരച്ചില്‍ അല്ലാതെന്താ...

എന്നിട്ടും ആരും മൈന്റ് ചെയ്യുന്നില്ല....അപ്പൊ കരച്ചില്‍ നിലത്ത് കിടന്നുരുണ്ടായി....
അതോടെ അവിടെ കൂടി നിന്നവരെല്ലാം എനിക്ക് ഉരുളാനായി വഴിവിട്ടു തന്നു, ഞാന്‍ ഉരുണ്ടുരുണ്ട് ആ ചില്ല്ലു ജാലകത്തിനടുത്തെത്തി...ഷര്‍ട്ട്മുഴുവന്‍ പൊടിപുരണ്ട ഞാന്‍ വിമാനത്തിന്റെ പടികയറുന്ന മണിപാപ്പന് നേരെ കൈവീശി...

കഴിഞ്ഞ നവംബറില്‍ ഇങ്ങ് കുവൈറ്റില്‍ വരാനായി ആദ്യമായി വിമാനത്തില്‍ കയറി വെറുതേ കണ്ണടച്ച് പഴയ കാര്യങ്ങള്‍ ഓര്‍ത്തപ്പൊ ആദ്യം മനസില്‍ വന്നത്....


“പ്ലെയിന് മാനത്ത് റോഡ് ഉണ്ടൊ..?”
“പിന്നേ..”
“അപ്പൊ വേറെ പ്ലെയിനുമായി കൂട്ടിയിടിക്കില്ലേ...”
“ ഇല്ല; ഓരോ പ്ലെയിനും ഓരോ റോഡ് ഉണ്ട്...”
“പ്ലെയിനില്‍ കയറിയപ്പൊ പാ‍പ്പന്‍ ചെറുതായോ..”
“ ഇല്ലടാ കൊടലാ..അത് നമുക്ക് തോന്നുന്നതാ..”

ശരിയാ..ഞാനും ചെറുതായില്ല..

( ചെറുതായിരുന്നെങ്കില്‍.... )

( തുടരും...)

18 comments:

മച്ചുനന്‍/കണ്ണന്‍ said...

ഓര്‍മ്മകള്‍ തുടരുന്നു..
ദയവു ചെയ്ത് എന്നെ കൊടലന്‍ എന്നു വിളിക്കരുത്..
ആ പേര് വിളിക്കുന്നത് മണിപാപ്പന്‍ മാത്രാ...

സുല്‍ |Sul said...

കണ്ണാ,
നല്ല ഓര്‍മ്മശക്തിയാണല്ല്.
ഇനി ഞാനും കുറച്ചു കാര്യങ്ങള്‍ ഓര്‍ത്തുനോക്കട്ട്.

നന്നായിരിക്കുന്നു.
-സുല്‍

nandakumar said...

എടാ കൊടലാ നിന്നെയിനി ഞാനായിട്ട് കൊടലാന്ന് വിളിക്കണില്യ. മണിപ്പാപ്പന്‍ ഇപ്പോ എവിടെയാ?

25 വര്‍ഷം മുന്‍പത്തെ ഓര്‍മ്മചെപ്പില്‍ ഇനിയും ഓര്‍മ്മകളുടെ മഞ്ചാടി മണികളുണ്ടൊ? കുപ്പിവളപ്പൊട്ടുകള്‍?? പങ്കുവെയ്ക്കൂ.

(അന്ന് ഫ്രൂട്ടോമാന്‍ ഉണ്ടായിരുന്നോ?)

ശ്രീ said...

മണിപ്പാപ്പന്‍ വിളിയ്ക്കുന്ന പേരു വിളിയ്ക്കുന്നില്ല. ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട്.

:)

കീരി said...

കൊടലാ .. നന്നായിട്ടുണ്ട് കൊടലാ ...

ബാക്കീം എയ്‌ത്...

ഉണ്ണി.......... said...

Sharikkum malayalam type cheyyanpattathath feel cheyyunnath ninakk comment cheyyanam ennalochikkumpozhaanue

ishtavunnund ninthe yaathraa

oru formula muzhuvan aayi memeory il nirthan padu pettirunna kannan ithrem adhikam ,,,,,,,,,,,,,
ohhhhhhhhhhhhhh
njan sharikkum njettunnu.............

v8ing for next one

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"അവര്‍ വന്ന ലോഹിച്ചേട്ടന്റെ കാര്‍ നിറയെ പലഹാരങ്ങളായിരുന്നു..അതു കൊണ്ട് അന്ന് മോളിമേമയെ മൈന്റ് ചെയ്യാനും പറ്റീല..."

athu parama sathyam!!! manoharam!

Sarija NS said...

ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും ദാരിദ്ര്യമില്ലാത്ത കണ്ണാ, നന്നായിരിക്കുന്നു.

പിന്നെ മച്ചുനനില്‍ നിന്ന് കണ്ണനിലേക്കുള്ള മാറ്റം അഭിനന്ദനാര്‍ഹം

യൂനുസ് വെളളികുളങ്ങര said...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

OAB/ഒഎബി said...

കൊടലാ എന്ന് വിളിക്കുന്നില്ല കൊടലാ.:)
ഈ പ്രായത്തില്‍ ഞാന്‍ ഹെലികോപ്റ്ററിന്മേല്‍ തൊട്ടിട്ടുണ്ട്. വളരെ നന്ദി കണ്ണാ.

sv said...

നല്ല ഓര്‍മ്മകള്‍...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

കുഞ്ഞന്‍ said...

ഓ.ടോ..ക്ഷമിക്കണമേ...

സ്വാതന്ത്ര്യമില്ലാത്ത യൂനുസിന്റെ **സ്വതന്ത്യം എന്തോന്ന് സ്വാതന്ത്ര്യം..?

**ചോര ചീത്തി
**സാതന്ത്യദിന

ഇതാണ് ബൂലോഗ സ്വാതന്ത്ര്യം..!

smitha adharsh said...

ഒരു ലഡുവും കുറച്ച് കറുത്തമുന്തിരിയും എനിക്ക് കിട്ടി...!!!
ഭാഗ്യവാന്‍ !! എന്നിട്ട് കുറെ ലഡ്ഡു കഴിച്ചോ?
പിന്നെ,എനിക്കും ഈ വിമാനത്തില്‍ ആദ്യമായി കയറുന്നതിനു മുന്പ് ഒരുപാടു സംശയങ്ങളും,പേടിയും ഒക്കെ ഉണ്ടായിരുന്നു.കേറി നോക്കിയപ്പോളല്ലേ മനസ്സിലായത്..ഇത്ര ഈസി ആയ പരിപാടി വേറെ ഇല്ലെന്ന് !! അല്ലെങ്കിലും,നൂറു - നൂറ്റിഅന്പതാളെ കുത്തി നിറച്ച പ്രൈവറ്റ് ബസില്‍ കമ്പിയില്‍ തൂങ്ങി നിന്നു യാത്ര ചെയ്ത മുന്‍പരിചയം ഉള്ള നമ്മളോടാ..ഈ ഫ്ലൈറ്റ്‌ നുള്ളിലെ കളികള്‍..!!!

Sherlock said...

മച്ചുനന്റെ ഓര്‍മ്മകള്‍ക്ക് കൂടുതല്‍ തെളിവുണ്ടാകട്ടെ...

തൊടരുക :)

കല|kala said...

ഒരു കുഞ്ഞു മനസ്സിനെ എത്ര നന്നയി കാട്ടി തരുന്നു..
ഇതു വായിക്കുമ്പോള്‍ പിറകോട്ട്.. പിറകോട്ട്.. മറന്നിടത്തേക്ക് ... വെറുതെ പൊയ്പ്പോകുന്നു
കൊള്ളാം .:)

achu said...

പ്രോഗ്രാം ചെയുനതിണ്ടാകെ വെറുതെ ഒന് ബ്ലോഗില്‍ കയറി ten minite കളയണം ഏന് വിചാരിച്ചു കയറിയതാ....... but ഇപ്പോള്‍ സമയം കുറെ ആയി ....... സമയം പോയതേ ഞാന്‍ അറിഞ്ഞില്ല....നന്നായിരിക്കുന്നു...........നഷ്ടബോദം ഇല്ല ,പോയ സമയത്തെ പടീ. കാരണം 1 മണികൂര്‍ ഞാന്‍ എന്‍ജോയ് ചെയ്തു.

Rare Rose said...

ഇവിടെ ഞാനിതാദ്യമാണു ട്ടോ...വരാന്‍ താമസിച്ചതില്‍ വിഷമം തോന്നണു..തുടക്കം മുതല്‍ ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു...കുട്ടിക്കാലത്തെ പലയേടുകളും എന്റെ മനസ്സില്‍ മങ്ങിയാണിപ്പോഴുള്ളതു.. ഒരു കുഞ്ഞു നിഷ്കള‍ങ്ക മനസ്സിനെ ഇത്ര മിഴിവോടെ എങ്ങനെയാണു വരച്ച് കാണിക്കുവാന്‍ സാധിക്കുന്നതു...സുഖായി അങ്ങനെ ഒഴുകി വായിക്കാന്‍ പറ്റുന്ന എഴുത്തു..ഇനിയും ഓര്‍മ്മകള്‍ തുടരൂ..:)

shinu said...

dear, this is first time I am reading a blog. Samayam kandetharilla. i spend some time with ur words. Eppozha manasilaye enikku malayalam vayikkan ariyillannu. Thamizh movie bord vayikkanapole erunnu.
Thanku num Adhikarikkum Namovakam!
Shinu Kamal